ഹൈദരാബാദ് : ശാസ്‌ത്രം വളർന്നെങ്കിലും ഐവിഎഫ് എന്ന് കേൾക്കുമ്പോൾ പലർക്കുമിടയിൽ പല തെറ്റിധാരണകളും നിലനിൽക്കുന്നുണ്ട്. ഇത് പലരെയും ഐവിഎഫ് ചികിത്സ നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുമുണ്ട്. ഐവിഎഫ് ചികിത്സയെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്‌മ തന്നെയാണ് ഇത്തരം മിഥ്യാധാരണകൾക്ക് പിന്നിൽ.
പൊതുജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട തെറ്റിധാരണകള്‍ ഇല്ലാതാക്കാനും ജനങ്ങളെ ബോധവത്‌കരിക്കാനുമായാണ് എല്ലാ വര്‍ഷവും ജൂലൈ 25ന് ലോക ഐവിഎഫ് ദിനമായി ആചരിക്കുന്നത്. വന്ധ്യത അടക്കമുള്ള കാരണങ്ങൾ കൊണ്ടും മറ്റും ഗർഭം ധരിക്കാൻ കഴിയാത്തവർക്ക് ഒരു കുഞ്ഞെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാൻ തെരഞ്ഞെടുക്കാവുന്ന ചികിത്സ രീതിയാണ് ഐവിഎഫ് എന്നറിയപ്പെടുന്ന ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍.
കുഞ്ഞുങ്ങളില്ലാത്തവർക്ക് ദത്തെടുക്കൽ എന്ന ഓപ്‌ഷൻ ഉണ്ടെങ്കിലും സ്വന്തം രക്തത്തിലൊരു കുഞ്ഞിനെ വേണമെന്ന ആഗ്രഹമുണ്ടാകും. അതിന് അനുയോജ്യമായ ചികിത്സ രീതിയാണ് ഐവിഎഫ്. അതിനാൽ തന്നെ പ്രത്യുത്‌പാദന വൈദ്യശാസ്ത്ര ലോകത്ത് ഐവിഎഫിനെ ഒരു വിപ്ലവമായി കണക്കാക്കാം. ചികിത്സാരീതിയുടെ വസ്‌തുതകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നതാണ് ഇന്നത്തെ ദിവസത്തിന്‍റെ ലക്ഷ്യം.
എന്താണ് ഐവിഎഫ് ചികിത്സാരീതി...?
പ്രത്യുത്‌പാദനത്തിനായുള്ള ഏറ്റവും ഫലവത്തായ ചികിത്സാരീതികളില്‍ ഒന്നാണ് ഐവിഎഫ്. ഈ ചികിത്സയില്‍ ആദ്യം അണ്ഡാശയത്തില്‍ നിന്നും അണ്ഡം ശേഖരിക്കും. തുടര്‍ന്ന്, ലാബില്‍ ബീജസങ്കലനം നടത്തും. ബീജസങ്കലനത്തിന് ശേഷം അത് ഗര്‍ഭാശയത്തിലേക്ക് മാറ്റും. ഏകദേശം മൂന്നാഴ്‌ചയോളം നീണ്ട ഒരു പ്രവര്‍ത്തിയാണിത്.
ഫെലോപിയൻ ട്യൂബുകളുടെ പരിശോധന, ഗർഭാശയ അറയുടെ വിലയിരുത്തൽ, അടിസ്ഥാന ഹോർമോൺ പ്രൊഫൈലുകളുടെ വിലയിരുത്തല്‍ തുടങ്ങിയ നിരവധി പരിശോധനകള്‍ക്ക് സ്‌ത്രീകള്‍ വിധേയരായതിന് ശേഷമാകും ചികിത്സ. ബീജ വിശകലനം അടക്കമുള്ള പ്രാഥമിക പരിശോധനകളാണ് പുരുഷന്മാര്‍ക്ക് വേണ്ടത്. ഇതിന് ശേഷമാകും ഓരോ വ്യക്തികളുടെയും ചികിത്സയുടെ നടപടിക്രമം തീരുമാനിക്കുന്നത്.
ഐവിഎഫിന്‍റെ തുടക്കം:1978 ജൂലൈ 25നായിരുന്നു ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു എന്നറിയപ്പെടുന്ന ലൂയിസ് ബ്രൗണ്‍ ഈ വിദ്യയിലൂടെ ജനിച്ചത്. ബ്രിട്ടീഷുകാരായ റോബര്‍ട്ട് എഡ്‌വേര്‍ഡ്‌സ്, പാട്രിക് സ്റ്റെപ്‌റ്റോ എന്നിവര്‍ ചേര്‍ന്നാണ് ഐവിഎഫിന് രൂപം നല്‍കിയത്.
ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഇന്ന് ഐവിഎഫ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐവിഎഫ് വഴി ഗർഭധാരണം നടത്തിയവർ നിരവധിയാണ്. ഐവിഎഫ് വഴി കുട്ടികളുണ്ടായ ചില സെലിബ്രിറ്റികളെ പരിചയപ്പെടാം.
- ഇഷ അംബാനി പിരമൽ:വ്യവസായിയായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി, ആനന്ദ് പിരമൽ ദമ്പതികൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായത് ഐവിഎഫ് വഴിയാണ്. ആദിയശക്തിയും കൃഷ്‌ണയുമാണ് ഈ ഇരട്ടകൾ.
- കരൺ ജോഹർ: ഐവിഎഫ് വഴി അച്ഛനായ വ്യക്തിയാണ് പ്രശസ്‌ത ചലച്ചിത്ര നിർമാതാവും സംവിധായകനുമായ കരൺ ജോഹർ. ഇരട്ടകളെയാണ് അദ്ദേഹം ഐവിഎഫ് വഴി സ്വീകരിച്ചത്. ഒരു സിംഗിള്‍ പാരന്‍റ് കൂടിയാണ് താരം.
- അക്ഷയ് കുമാർ- ട്വിങ്കിൾ ഖന്ന ദമ്പതികൾ:ആദ്യ കുട്ടിയായ നിതാരയ്‌ക്ക് ശേഷം വന്ധ്യത അനുഭവപ്പെട്ടതിനെ തുടർന്ന് ഐവിഎഫ് വഴിയാണ് ഈ ദമ്പതികൾ മകൻ ആരവിന് ജന്മം നൽകിയത്.
- ആമിർ ഖാനും കിരൺ റാവുവും:ദമ്പതികൾ മകൻ ആസാദ് റാവു ഖാന് ജന്മം നൽകിയത് ഐവിഎഫ് വഴിയാണ്.
- ഷാരൂഖ് ഖാനും ഗൗരി ഖാനും:ഷാരൂഖും ഗൗരിയും മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയത് ഐവിഎഫിലൂടെയാണ്.
- ശോഭ ഡേ: പ്രശസ്‌ത നോവലിസ്റ്റായ ശോഭ ഡേ 46ാം വയസിൽ മാതൃത്വം സ്വീകരിക്കുന്നത് ഐവിഎഫ് വഴിയാണ്. മാതൃത്വത്തിന് മുമ്പ് സ്വന്തം കരിയറിന് മുൻഗണന നൽകിയവരാണ് ഇവർ.
- മഹേഷ് ബാബുവും നമ്രത ശിരോദ്‌കറും: ഇരുവരുടെയും മകൻ ഗൗതമിൻ്റെ ജനനം ഐവിഎഫ് ചികിത്സ വഴിയാണ്.
- വിവേക് ഒബ്‌റോയിയും പ്രിയങ്ക ആൽവയും: വന്ധ്യതയുടെ വെല്ലുവിളികളെ ഒരുമിച്ച് മറികടന്നുകൊണ്ട് മകൻ വിവാന് ഐവിഎഫിലൂടെ ജന്മം നൽകിയവരാണ് ഈ ദമ്പതികൾ.
- ജോൺ എബ്രഹാമും പ്രിയ റുഞ്ചലും: ഐവിഎഫിലൂടെ ഇരട്ടകൾക്ക് ജന്മം നൽകിയ രക്ഷിതാക്കളാണ് ഇരുവരും.
- അക്ഷയ് ഖന്ന: ഐവിഎഫ് വഴി ഏക പിതൃത്വം സ്വീകരിച്ച നടനാണ് അക്ഷയ് ഖന്ന.
- ഫറ ഖാനും ശിരീഷ് കുന്ദറും:സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാനും ഭർത്താവ് ശിരീഷ് കുന്ദറും ഐവിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് 2008ൽ മൂന്ന് കുട്ടികൾക്കാണ് ജന്മം നൽകിയത്. ഐവിഎഫിനെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നുപറഞ്ഞ ആദ്യ ബോളിവുഡ് ദമ്പതികള്‍ ഇവരാണ്.
- ലിസ റേ:നടിയും മോഡലുമായ ലിസ റേ തന്‍റെ 40കളുടെ മധ്യത്തിലാണ് ഐവിഎഫ് വഴി ഇരട്ട പെൺകുട്ടികളെ സ്വീകരിച്ചത്.
- ഏക്ത കപൂർ:സെലിബ്രിറ്റികളിൽ ഐവിഎഫ് വഴി ഏക മാതൃത്വം സ്വീകരിച്ച ഇന്ത്യയിലെ ചുരുക്കം ചിലവരിൽ ഒരാളാണ്ഏക്ത കപൂർ.
- തുഷാർ കപൂർ: തന്‍റെ സഹോദരിയെ പോലെ ഐവിഎഫിലൂടെ സിഗിംൾ പാരന്‍റിങ് സ്വീകരിച്ചയാളാണ് അവിവാഹിതനായ തുഷാർ കപൂർ. 2016ലാണ് അദ്ദേഹം മകൻ ലക്ഷ്യയ്‌ക്ക് ജന്മം നൽകുന്നത്.
- സണ്ണി ലിയോണും ഡാനിയൽ വെബറും:2017ൽ മഹാരാഷ്ട്രയിൽ നിന്ന് ഒരു കുട്ടിയെ ദത്തെടുത്ത ശേഷം ദമ്പതികൾ 2018ൽ വാടക ഗർഭധാരണത്തിലൂടെ രണ്ട് ആൺകുട്ടികളെ കൂടെ സ്വീകരിക്കുകയായിരുന്നു.
Also Read: യാത്രക്കിടെ പ്രസവവേദന, ടിജിആര്‍ടിസി ബസിൽ യുവതിക്ക് സുഖ പ്രസവം; വനിത കണ്ടക്‌ടര്‍ക്ക് അഭിനന്ദന പ്രവാഹം