ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥയാവുന്നു. സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ജയ്‌പൂരില്‍ ഇറക്കി. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി പരിശോധനകള്‍ നടത്തിയതായി ഇന്‍ഡിഗോ വക്താവ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്നാണ് നിര്‍ബന്ധിത പരിശോധനകള്‍ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും (ബിഡിഡിഎസ്) സ്‌നിഫർ ഡോഗ്‌സും വിമാനം പരിശോധിച്ചെങ്കിലും സംശയാസ്‌പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ജയ്‌പൂര്‍ പൊലീസും അറിയിച്ചു.
വിമാനം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം 175 യാത്രക്കാരെയും ഇതേ വിമാനത്തില്‍ ലഖ്‌നൗവിലേക്ക് യാത്രയാക്കിയതായി ജയ്‌പൂർ എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സന്ദീപ് ബസേരയും പ്രതികരിച്ചു.
രണ്ട് ദിവസം, പത്തിലേറെ ഭീഷണി:കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിമാനങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയ വഴി 10 ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി സിഐഎസ്എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
"വിമാനങ്ങളില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തുന്ന സോഷ്യൽ മീഡിയയിലെ നിരവധി അക്കൗണ്ടുകൾ കണ്ടെത്തി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലണ്ടനിലും മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ ചില ഭീഷണികൾ ഉണ്ടായതായാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, വ്യത്യസ്‌ത ഇടങ്ങളിലായി നിരവധി ബോംബ് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ആശങ്ക പൊലീസുമായി പങ്കുവയ്‌ക്കുകയും പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്"- ഒരു മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
തികഞ്ഞ ജാഗ്രത, വലഞ്ഞ് യാത്രക്കാര്‍:ഓരോ ഭീഷണിയും തികഞ്ഞ ജാഗ്രതയോടെയാണ് കാണുന്നതെന്നും യാത്രക്കാരുടെ സുരക്ഷയുടെ കാര്യമായതിനാൽ അത് അവഗണിക്കാനാവില്ലെന്നും എയർപോർട്ട് സെക്യൂരിറ്റിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശം ലഭിക്കുന്നത് വ്യോമയാന മന്ത്രാലയം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, സിഐഎസ്എഫ്, വിമാനത്താവള സുരക്ഷയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ALSO READ: ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി, സുരക്ഷാ പരിശോധനയുമായി അധികൃതര്‍
അതേസമയം തിങ്കള്‍, ചൊവ്വ ദിനങ്ങളിലായി എയര്‍ ഇന്ത്യയുടേയും ഇന്‍ഡിഗോയുടേയും വ്യത്യസ്‌ത വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷാ പരിശോധനയ്‌ക്കായി പറന്നുയര്‍ന്ന വിമാനങ്ങള്‍ തിരിച്ചിറക്കുക ഉള്‍പ്പെടെ ചെയ്‌തു. ഇത്തരത്തില്‍ വിമാന സര്‍വീസ് താളം തെറ്റുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തുകയാണ്.