ചരിത്ര നിമിഷം ; ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി :രാജ്യത്ത്ഇനി കരയിലൂടെ മാത്രമല്ല വെള്ളത്തിനടിയിലൂടെയും മെട്രോ കുതിക്കും. വെള്ളത്തിനടിയിലെ ടണൽ മെട്രോയുടെ കുതിപ്പിന് ഊർജമേകും. രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടർ മെട്രോ ടണല്‍ കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. അണ്ടർവാട്ടർ മെട്രോ എന്ന സ്വപ്‌നം ഇതോടെ ഇന്ത്യയ്ക്കും സ്വന്തമാവുകയാണ് (India's First Underwater Metro Service).
ഹൂഗ്ലി നദിയിലാണ് അണ്ടര്‍ വാട്ടർ മെട്രോ ഒരുങ്ങിയിരിക്കുന്നത്. രാജ്യത്തെ നഗര ഗതാഗതത്തിന്‍റെ പുത്തൻ സാധ്യതകൾക്കും യുഗത്തിനും തുടക്കം കുറിക്കുന്ന അണ്ടർവാട്ടർ മെട്രോ സർവീസിനായി, ഹൂഗ്ലി നദിയുടെ 16 മീറ്റര്‍ താഴ്‌ചയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്.
ഹൗറ മൈദാന്‍ മെട്രോ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്നതാണ് അണ്ടര്‍വാട്ടര്‍ മെട്രോ പാത. പാതയുടെ 10.8 കിലോമീറ്റര്‍ ജലത്തിനടിയിലും 5.75 കിലോമീറ്റര്‍ പ്രത്യേക പാലം ഉപയോഗിച്ച് ഉയര്‍ത്തിയ നിലയിലുമാണ്. തുരങ്കത്തിന്‍റെ വീതി 5.5 മീറ്റർ ആണ്. സമുദ്രനിരപ്പിൽ നിന്നും താഴെയുള്ള മെട്രോ സ്റ്റേഷൻ എന്ന പ്രത്യേകതയും ഇതിനുണ്ട്.
കൊൽക്കത്തയിലെ ആളുകളുടെ യാത്രയെ മൊത്തത്തിൽ മാറ്റിമറിക്കുന്ന ഈ സര്‍വീസ് പുതിയൊരു അനുഭവമായിരിക്കുമെന്ന് മാത്രമല്ല, യാത്രകളിലെ സമയം ലാഭിക്കുവാനും ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും സഹായിക്കും (India's First Underwater Metro Service).
ജലനിരപ്പിൽ നിന്ന് 16 മീറ്റർ താഴെയുള്ള യാത്രാനുഭവമായിരിക്കും കൊൽക്കത്ത അണ്ടർവാട്ടർ മെട്രോ ജനങ്ങൾക്ക് നല്‍കുക. സാങ്കേതിക വിദ്യയുടെയും എൻജിനീയറിങ്ങിന്‍റെയും അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ നദിക്കടിയിലൂടെ 520 മീറ്റർ ദൂരമാണ് കടന്നുപോകുന്നത്.
വെറും 45 സെക്കൻഡിൽ ഈ ദൂരം പിന്നിടാൻ മെട്രോയ്ക്ക് സാധിക്കും. ഹൂഗ്ലി നദിയുടെ പടിഞ്ഞാറുള്ള ഹൗറയെ കിഴക്കൻ തീരത്തുള്ള സാൾട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 16.6 കിലോമീറ്റർ ഇടനാഴിയുടെ ഭാഗമാണ് അണ്ടർ വാട്ടർ മെട്രോ തുരങ്ക പാത.
ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അണ്ടര്‍ വാട്ടര്‍ മെട്രോയിലൂടെ സഞ്ചരിക്കുകയും ചെയ്‌തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ മെട്രോ ജീവനക്കാരുമായും മോദി സംവദിച്ചു.
അതേസമയം, പൂനെ മെട്രോയുടെ റൂബി ഹാൾ ക്ലിനിക് മുതൽ രാംവാഡി വരെയുള്ള സ്ട്രെച്ച്, കൊച്ചി മെട്രോ റെയിലിന്‍റെ ഒന്നാം ഘട്ടത്തിലെ എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെയുള്ള സര്‍വീസ്, താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമേശ്വർ വരെയുള്ള ആഗ്ര മെട്രോയുടെ സ്ട്രെച്ച്, ദുഹായ്-മോദിനഗർ സര്‍വീസ് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. ഡൽഹി മീററ്റ് ആർആർടിഎസ് ഇടനാഴി കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനലും പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു.
നഗരഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ തുടർ വിപുലീകരണവും വർദ്ധനയും ലക്ഷ്യമിട്ട് പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടവും പിംപ്രി ചിഞ്ച്‌വാഡ് മെട്രോ വിപുലീകരിക്കുന്നതിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു (Prime Minister Narendra Modi).