ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്‌റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് സിദ്ദിഖിന് ജാമ്യാപേക്ഷ പരിഗണിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്‌തഗിയുടെ ആവശ്യപ്രകാരം കേസ് ഇന്നത്തേയ്‌ക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മറ്റ് ഉപാധികള്‍ കൂടി ആവശ്യമെങ്കില്‍ വിചാരണക്കോടതിയ്‌ക്ക് നിശ്ചയിക്കാമെന്നും ജസ്‌റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.
സിദ്ദിഖിനെ പൊലീസ് അറസ്‌റ്റ് ചെയ്‌താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം സിദ്ദിഖിന് ജാമ്യം നല്‍കിയാല്‍ സമാനമായ മറ്റ് കേസുകളെയും ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിജീവിത പരാതി നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. പരാതി നല്‍കാന്‍ പരാതിക്കാരി എന്തുകൊണ്ട് എട്ട് വര്‍ഷം വൈകിയെന്ന ചോദ്യം ബെഞ്ച് ആവര്‍ത്തിച്ചു. 2016ലാണ് സംഭവം നടന്നതെന്നും പരാതിക്കാരി 2018ല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടിട്ടും പൊലീസില്‍ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും കോടതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും കേരള ഹൈക്കോടതിയുടെ ഇടപെടലുമാണ് കേസില്‍ പരാതി നല്‍കാന്‍ ധൈര്യം നല്‍കിയതെന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് പുറത്തുപറയാനുള്ള ശ്രമമാണ് അന്ന് അതിജീവിത ഫേസ്‌ബുക്കിലൂടെ നടത്തിയതെന്നും സിദ്ദിഖിന്‍റെ അനുയായികളില്‍ നിന്നും പരാതിക്കാരിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നെന്നും വൃന്ദ ഗ്രോവര്‍ വ്യക്തമാക്കിയെങ്കിലും കോടതി വഴങ്ങിയില്ല.
തനിക്ക് ആശ്രയിക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അതിജീവിത പരാതിക്ക് തയ്യാറായതെന്നും സിദ്ദീഖിനെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണത്തെയും കേസിലെ വിചാരണയെയും പ്രതികൂലമായി ബാധിക്കുമെന്നും വൃന്ദ ഗ്രോവര്‍ കോടതിയില്‍ വാദിച്ചു.
കേസില്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോവുകയും ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു.