ഭദ്രക്:ആനന്ദ് പത്രി എന്ന ഇന്ത്യന്‍ സൈനികന്‍ പാക്കിസ്ഥാനിലെ ജയിലിൽ കഴിയാന്‍ തുടങ്ങിയിട്ട് 60 വർഷം പിന്നിടുകയാണ്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെയാണ് ആനന്ദ് പത്രി തടവിലാകുന്നത്. നിലവില്‍ ലാഹോറിലെ കോട്-ലക്‌പത് സെൻട്രൽ ജയിലിൽ യുദ്ധത്തടവുകാരനായി കഴിയുകയാണ് ഇദ്ദേഹം. കുടുംബാംഗങ്ങൾ പലതവണ ശ്രമിച്ചെങ്കിലും ആനന്ദിനെ മോചിപ്പിക്കാനായില്ല.
അടുത്തിടെയാണ് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ ദേശീയ മനുഷ്യാവകാശ പ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ രാധാകാന്ത് ത്രിപാഠിയുടെ സഹായം തേടാനും സൈനികന്‍റെ കുടുംബത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ആനന്ദ് പത്രിയെ വീണ്ടും കാണാനാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.
ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ധാംനഗർ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കല്യാണി ഗ്രാമത്തിലാണ് ആനന്ദിന്‍റെ വീട്. കൊൽക്കത്തയിലെ ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്‍റ് സെന്‍ററിലൂടെയാണ് ആനന്ദ് സൈന്യത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ഇന്ത്യൻ ആർമിയുടെ 31-ാം ബംഗാൾ എഞ്ചിനീയറിംഗ് റെജിമെന്‍റില്‍ ജവാനായി നിയമിതനായി. 1962ലും 1965ലും ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ നടന്ന യുദ്ധങ്ങളിൽ ആനന്ദും ഭാഗമായിരുന്നു.
2003 ഫെബ്രുവരി 7 ന്, ആനന്ദ് പാകിസ്ഥാൻ ജയിലിലാണെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് പത്രത്തിൽ അദ്ദേഹത്തിന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അദ്ദേഹത്തിന്‍റെ പേര് നസീം ഗോപാൽ എന്നാണ് എന്ന് അറിയിച്ചു. ആനന്ദിന് മാനസിക സ്ഥിരത നഷ്‌ടപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമായില്ല.
പത്രത്തിലെ ഫോട്ടോ കണ്ട ഗ്രാമവാസികളും, പൂജാരിയായ ആനന്ദിന്‍റെ മകൻ വിദ്യാധർ പത്രിയും ആനന്ദിനെ തിരിച്ചറിഞ്ഞു. വിദ്യാധർ കൊൽക്കത്തയിലെ സാമൂഹ്യക്ഷേമ സംഘടനയായ ദിഗന്തയുടെ ഓഫീസിലെത്തി പശ്ചിമ ബംഗാൾ സ്‌റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗവും ഇന്‍റര്‍നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ജനറൽ എഡിറ്ററുമായ ഉത്പൽ റോയിയെ വിവരം അറിയിച്ചു. തുടർന്ന്, 2004 ഫെബ്രുവരി 5 ന് ആനന്ദ് പത്രിയുടെ മോചനത്തിനായി ഉത്പൽ ഒഡീഷ സ്‌റ്റേറ്റ് സോൾജിയേഴ്‌സ് ബോർഡ് സെക്രട്ടറിക്കും ഡയറക്‌ടർക്കും ഒഡീഷ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിക്കും കത്ത് അയച്ചു.
വിദ്യാധറും ഉത്പലും അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖർജി, വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെയും നിരവധി പ്രമുഖരെയും കണ്ട് ഇക്കാര്യം അറിയിച്ചു. അന്നത്തെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി അൻവർ ബർണി ഔദ്യോഗിക സന്ദർശനത്തിനായി ചണ്ഡീഗഢിൽ എത്തിയപ്പോൾ അദ്ദേഹത്തെ കണ്ടും വിവരമറിയിച്ചു. പിന്നീട് പാകിസ്ഥാന്‍റെ പ്രത്യേക ദൂതൻ ഹമീദ് അൻസാരി പരാനിയെ വിദ്യാധർ കാണുകയും യുദ്ധത്തടവ് നയം അനുസരിച്ച് പിതാവിനെ കൈമാറണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തു. ആനന്ദിനെ വാഗാ അതിർത്തിയിൽ വെച്ച് കൈമാറുമെന്ന് അന്ന് പാകിസ്ഥാന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.