കൊല്‍ക്കത്ത:78ാംസ്വാതന്ത്ര്യ ദിനത്തിൽ ബംഗ്ലാദേശ് ബോർഡർ ഗാർഡിന് മധുരപലഹാരങ്ങൾ കൈമാറി ഇന്ത്യൻ ബോർഡർ ഗാർഡിങ് ഫോഴ്‌സ്. പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശമായ ജൽപായ്‌ഗുരി ചെക്ക് പോസ്റ്റിലെ ബംഗ്ലാദേശ് സുരക്ഷ ജീവനക്കാർക്കാണ് മധുരം കൈമാറിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അതീവ സെൻസിറ്റീവ് മേഖലകളിലെ സുരക്ഷ ചുമതലയുള്ള അർധ സൈനിക സംഘടനയായ ഇന്ത്യൻ ബോർഡർ ഗാർഡിങ് ഫോഴ്‌സ് ഈ അവസരത്തിൽ മാതൃകാപരമായ സന്ദേശമാണ് നൽകുന്നത്.
ചെങ്കോട്ടയിലെ ആഘോഷങ്ങള്‍:78ാം സ്വാതന്ത്ര്യ ദിനമായി ഇന്ന് രാജ്യ തലസ്ഥാനത്ത് വര്‍ണാഭമായ ആഘോഷങ്ങളാണ് നടന്നത്. രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിൽ എത്തി ദേശീയ പതാക ഉയർത്തി. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രമേയം.
രാജ്യത്തെ 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യത്തിൻ്റെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ് 'വിക്ഷിത് ഭാരത്' എന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനായി പോരാടിയവരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.