ന്യൂഡല്‍ഹി:ഇന്ത്യ ഭക്ഷ്യമിച്ച രാജ്യമായി മാറിയെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 32-മത് രാജ്യാന്തര കാര്‍ഷിക സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷിക സുസ്ഥിരതയ്ക്കും വേണ്ടി രാജ്യം നടത്തുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭക്ഷ്യദൗര്‍ലഭ്യം മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇന്ന് ആഗോള ഭക്ഷ്യോത്പാദന രംഗത്ത് മേല്‍ക്കൈ നേടിക്കഴിഞ്ഞു. പാല്‍, പയര്‍ വര്‍ഗങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പരുത്തി, പഞ്ചസാര, തേയില എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തും. ഭക്ഷ്യദൗര്‍ലഭ്യ രാജ്യത്ത് നിന്ന് ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.
എഴുപത് രാജ്യങ്ങളില്‍ നിന്നായി ആയിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം രണ്ട് മുതല്‍ ഏഴ് വരെയാണ് സമ്മേളനം. രാജ്യാന്തര കാര്‍ഷിക സാമ്പത്തിക ശാസ്‌ത്ര അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. 'സുസ്ഥിര കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തിലേക്കുള്ള മാറ്റം' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്‍റെ ആപ്‌തവാക്യം. 2024-25 വര്‍ഷത്തെ ഇന്ത്യയുടെ ബജറ്റിന്‍റെ വിഷയവും ഇത് തന്നെ ആണ്.