ശ്രീനഗര്‍ (ജമ്മുകശ്‌മീര്‍): ജമ്മുകശ്‌മീര്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യ സഖ്യത്തിലെ എല്ലാം അംഗങ്ങളും പങ്കെടുക്കുന്നത് സന്തോഷകരമായിരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര. നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ അറിയിച്ച് ഔദ്യോഗികമായി കത്ത് നല്‍കിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒമര്‍ അബ്‌ദുള്ളയെ പിന്തുണച്ച് കത്ത് നല്‍കിക്കഴിഞ്ഞു. ഇനി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അദ്ദേഹം ലഫ്‌റ്റനന്‍റ് ഗവര്‍ണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച സത്യപ്രതിജ്ഞ നടത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ സൗകര്യപ്രകാരമുള്ള തീയതിയാകും സത്യപ്രതിജ്ഞയ്ക്ക് നല്‍കുക. സീറ്റ് പങ്കിടലിനും ഭരണത്തിനുമപ്പുറം വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ സഖ്യമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മന്ത്രിസ്ഥാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇന്ന് നിയമസഭ കക്ഷി യോഗം നടക്കും. ഇതില്‍ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പാസാക്കും. സഖ്യകക്ഷികളെല്ലാം കൂടി ആലോചിച്ച് മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഞ്ച് സ്വതന്ത്രരും ഒരു ആം ആദ്‌മി പാർട്ടി (എഎപി) എംഎൽഎയും പിന്തുണയ്ക്കുന്ന എൻസി - കോൺഗ്രസ് സഖ്യത്തിന് 54 എംഎൽഎമാരും പ്രതിപക്ഷമായ ബിജെപിക്ക് 29 എംഎൽഎമാരുമാണ് ജമ്മു കശ്‌മീർ നിയമസഭയിൽ ഉള്ളത്.
ജമ്മുവിൽ സ്വാധീനമുണ്ടാക്കാനും ബിജെപിയുടെ സ്വാധീനം തടയാനും കോൺഗ്രസും നാഷണൽ കോൺഫറൻസും (എൻസി) പാടുപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് എൻസിയുമായി സഖ്യമുണ്ടാക്കിയതിന്‍റെ പ്രധാന കാരണം ബിജെപിയുടെ ആധിപത്യ മേഖലകള്‍ തകര്‍ക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍.
Also Read:"കശ്‌മീരിലേത് 'ഇന്ത്യ'യുടെ വിജയം, ഹരിയാനയിലെ ഫലം അപ്രതീക്ഷിതം", ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
'ജമ്മുവിലായിരുന്നു കടുത്ത പോരാട്ടം. എൻസിക്ക് രണ്ടോ മൂന്നോ സീറ്റുകൾ മാത്രമേ അവിടെ നേടാനാകൂ. ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങൾ സഖ്യത്തിൽ ചേർന്നു. പക്ഷേ ഞങ്ങളും അതില്‍ പരാജയപ്പെട്ടു. എൻസിക്കോ കോൺഗ്രസിനോ അവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഗുലാം അഹമ്മദ് മിർ പറഞ്ഞു.
കശ്‌മീരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനം തെരഞ്ഞെടുപ്പിന് കാര്യമായി ഗുണം ചെയ്‌തതായും ഗുലാം അഹമ്മദ് മിർ പറഞ്ഞു. 'ആനുപാതികമായി നോക്കുകയാണെങ്കില്‍ ഞങ്ങൾ കശ്‌മീർ താഴ്‌വരയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. അതായത് കോൺഗ്രസ് നേതാക്കൾ കശ്‌മീരിനെ കാര്യമായി സ്വാധീനിക്കുന്നു. എൻസി കൂടുതൽ സീറ്റുകളിൽ മത്സരിച്ചതിനാല്‍ അവർക്ക് കൂടുതൽ സീറ്റുകള്‍ ലഭിച്ചു. അത് വേറെ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.