ബെംഗളൂരു : സംശയത്തിന്‍റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. സംഭവത്തില്‍ ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശി കിരൺ (31) അറസ്റ്റിലായി. ഭാര്യ നവ്യശ്രീ (28)യെ ഇയാള്‍ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ച ശേഷം കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നവ്യശ്രീയുടെ സുഹൃത്ത് ഐശ്വര്യയാണ് പൊലീസില്‍ പരാതി നൽകിയത്.
കിരണും നവ്യശ്രീയും മൂന്ന് വർഷം മുൻപാണ് വിവാഹിതരായത്. കെങ്കേരിയിലെ വിശ്വേശ്വരയ്യ ലേഔട്ടിലായിരുന്നു താമസം. കിരൺ ക്യാബ് ഡ്രൈവറായിരുന്നു. നൃത്താധ്യാപികയായിരുന്ന നവ്യശ്രീ പലപ്പോഴും നൈറ്റ് ക്ലബ്ബുകളിൽ പോകുമായിരുന്നു. ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലർത്തുന്നത് കിരണിന് ഇഷ്‌ടമായിരുന്നില്ല എന്ന് പരാതിയില്‍ പറയുന്നു.
വിഷയത്തിൽ ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. തുടർന്ന് കിരൺ വീടുവിട്ടിറങ്ങി. പിന്നീട് ഓഗസ്റ്റ് 27ന് രാത്രി കിരൺ വ്യാജ താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറി. രാത്രി 11 മണിയോടെയാണ് സുഹൃത്തായ ഐശ്വര്യയ്‌ക്കൊപ്പം നവ്യശ്രീ വീട്ടിലെത്തിയത്.