ഹൈദരാബാദ് :നിക്ഷേപങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് 200 ശതമാനം ലാഭം വാഗ്‌ദാനം ചെയ്‌ത് നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയതായി പരാതി. തെലങ്കാനയിലെ വാറങ്കലിലാണ് തട്ടിപ്പ് നടന്നത്. രണ്ട് കോളജ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിൽ വിദ്യാർത്ഥികൾക്ക് 300 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്‌ടമായതായാണ് പരാതി. വിദ്യാര്‍ഥികളുടെ പരാതിയില്‍ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ കേസെടുത്ത് അന്വേഷണം തുടങ്ങി (Investment Scam Promising 200% Profit).
ഹനുമകൊണ്ടയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. വലിയ ലാഭം മുന്നിൽക്കണ്ട് സെമസ്‌റ്റർ ഫീസടയ്‌ക്കാനുള്ള പണം ഉൾപ്പടെ നിക്ഷേപിച്ച കുട്ടികളുണ്ട്. ഇവർക്കെല്ലാം പണം നഷ്‌ടമായി. അധ്യാപകരിൽ ഒരാൾക്ക് മുമ്പ് ഷെയർ ബിസിനസിൽ പണം നഷ്‌ടപ്പെട്ടതായി പറയപ്പെടുന്നു. ഇയാളാണ് തട്ടിപ്പിന്‍റെ സൂത്രധാരന്‍ എന്നാണ് സൂചന.
കഴിഞ്ഞ ഒക്ടോബറിലാണ് തട്ടിപ്പ് തുടങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡെൻമാർക്കിൽ നിന്നുള്ള ഒരു പ്രമുഖ കമ്പനി ഡാറ്റ സംഭരിക്കാന്‍ വലിയ സെർവറുകൾ വാടകയ്‌ക്കെടുക്കുന്ന ബിസിനസ് നടത്തുന്നുണ്ടെന്ന് കുട്ടികളോട് പറഞ്ഞു. ഈ ബിസിനസിൽ തങ്ങൾ വൻ ലാഭം നേടുന്നുണ്ടെന്ന് അധ്യാപകർ അവകാശപ്പെട്ടു. നിക്ഷേപിച്ച് പിറ്റേ ദിവസം മുതല്‍ തന്നെ 200 ശതമാനം ലാഭമുണ്ടാക്കാൻ കഴിയുമെന്നും ഇവർ വിദ്യാർത്ഥികളെ വിശ്വസിപ്പിച്ചു.