അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ അഗ്‌നിക്കിരയാക്കുന്നതുമായി ബന്ധപ്പെട്ട 'സബര്‍മതി റിപ്പോര്‍ട്ട്' എന്ന സിനിമയുടെ വിനോദ നികുതി ഒഴിവാക്കി ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. 2002ലെ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ ആസ്‌പദമാക്കിയുള്ള സിനിമയ്‌ക്ക് വിനോദ നികുതി ഒഴിവാക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഹരിയാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നേരത്തെ ചിത്രത്തിന്‍റെ വിനോദ നികുതി ഒഴിവാക്കിയിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സിനിമ കണ്ടതിന് ശേഷമാണ് വിനോദ നികുതി ഒഴിവാക്കാനുള്ള ഉത്തരവിട്ടത്. നിർമാതാവ് ഏക്താ കപൂർ, മുതിർന്ന ബോളിവുഡ് താരം ജിതേന്ദ്ര, നടി റിദ്ദി ദോഗ്ര, ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി എന്നിവർക്കൊപ്പമാണ് പട്ടേൽ ചിത്രം കണ്ടത്. ഇതിന് പിന്നാലെ സിനിമയെ പ്രശംസിച്ച ഗുജറാത്ത് മുഖ്യമന്ത്രി, സംസ്ഥാനത്ത് ഈ ചിത്രത്തിന്‍റെ വിനോദ നികുതി ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്‌ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇതിനുപിന്നാലെ ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഹരിയാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. 2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോധ്ര സ്‌റ്റേഷന് സമീപം സബർമതി എക്‌സ്പ്രസ് ട്രെയിനിന്‍റെ ഒരു കോച്ച് അഗ്‌നിക്കിരയായിരുന്നു, അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്‍റെ എസ്-6 ബോഗിയാണ് അഗ്‌നിക്കിരയായത്, 59 പേർ അന്ന് കൊല്ലപ്പെട്ടു. ഇത് സംസ്ഥാനത്ത് വ്യാപകമായ കലാപത്തിന് കാരണമാകുകയും ചെയ്‌തിരുന്നു.