ബെംഗളുരു: കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ജെ പി നദ്ദ തുടങ്ങിയവരടക്കമുള്ളവര്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ബെംഗളുരുവിലെ തിലക് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്ന എഫ്‌ഐആറുകളാണ് റദ്ദാക്കിയത്. ഇലക്‌ടറല്‍ ബോണ്ടുകളുപയോഗിച്ച് കോടികള്‍ സംഭാവന ഇനത്തില്‍ കൈപ്പറ്റുന്നതിനായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ദുരുപയോഗം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.
ഹൈക്കോടതി ഉത്തരവോടെ നിര്‍മ്മലാ സീതാരാമന്‍, ജെ പി നദ്ദ, മുന്‍ എംപിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ക്കാണ് ആശ്വാസമായിരിക്കുന്നത്. കേസില്‍ നാലാം പ്രതിയായ നളിന്‍കുമാര്‍ കട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്ജി എം നാഗപ്രസന്നയുടെ ഉത്തരവ്. ഉത്തരവിന്‍റെ വിശദമായ പകര്‍പ്പ് ലഭ്യമായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഐപിസി സെക്ഷന്‍ 384 ന്‍റെ വ്യാഖ്യാനം വസ്‌തുതകള്‍ മാറ്റി മറിക്കുന്നില്ലെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇര കോടതിക്ക് മുന്നില്‍ ഹാജരായില്ല. പരാതിക്കാരന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി സംഭാവന നല്‍കിയതിലൂടെ പരാതിക്കാരനെതിരെയുള്ള ആദായനികുതി നടപടികള്‍ നിര്‍ത്തി വച്ചു. അത് കൊണ്ട് അയാള്‍ പരാതിപ്പെട്ടില്ല. അത് കൊണ്ട് തന്നെ സാധാരണക്കാരാണ് സംഭവത്തില്‍ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ വാദിച്ചു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി ദേശീയ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 384 (പിടിച്ചുപറി), 120 ബി (ക്രിമിനൽ ഗൂഢാലോചന), 34 എന്നിവ പ്രകാരം കേസെടുക്കാൻ ബെംഗളൂരുവിലെ ജനാധികാർ സംഘർഷ് പരിഷത്തിന്‍റെ സഹ അധ്യക്ഷനായ ആദർശിന്‍റെ പരാതിയില്‍ തിലക് നഗർ പൊലീസിനോട് പ്രത്യേക മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ നളിൻ കുമാർ കട്ടീൽ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്വകാര്യ പരാതിയിൽ വാദം കേട്ടു. ഇതനുസരിച്ചാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. ആ എഫ്ഐആറാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
Also Read:ഇലക്‌ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന കേസ്; നിർമല സീതാരാമനെതിരായ എഫ്ഐആറിന് ഇടക്കാല സ്റ്റേ