ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആശ്വാസം. കേസില്‍ ഡികെ ശിവകുമാറിനെതിരെ അന്വേഷണം നടത്താനുള്ള അനുമതി പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത് സിബിഐ സമർപ്പിച്ച ഹർജി കര്‍ണാടക ഹൈക്കോടതി തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം സുപ്രീം കോടതിയാണ് വിഷയം തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലും സിബിഐയും കേസ് സംബന്ധിച്ച് ഹൈക്കോടതിയിൽ വെവ്വേറെ ഹർജി വിഷയത്തില്‍ സമർപ്പിച്ചിരുന്നു. ഈ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കെ സോമശേഖർ, ജസ്റ്റിസ് ഉമേഷ് എം അഡിഗ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
കേന്ദ്ര സർക്കാരിന്‍റെ കീഴിലാണ് സിബിഐ പ്രവർത്തിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ vs ഇന്ത്യ ഗവൺമെന്‍റ് എന്ന കേസിലെ വിധിന്യായ പ്രകാരം, നിലവിലെ ഹർജികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 131 ന് കീഴിലാണ് വരുന്നത്. ഇതില്‍ ഒരു സംസ്ഥാനത്തെ സിബിഐയെ കേന്ദ്ര സർക്കാരിന് എത്രത്തോളം നിയന്ത്രിക്കാനാകുമെന്ന് പ്രതിപാദിക്കുന്നത്.
ഈ കേസിൽ സിബിഐക്ക് നൽകിയ അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇക്കാര്യത്തില്‍ നിയമ പ്രശ്‌നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് കര്‍ണാടക കോടതി വ്യക്തമാക്കി. തുടര്‍ന്ന്, ഹർജികൾ തള്ളുന്നതായി ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാർക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും ബെഞ്ച് ഉത്തരവിൽ വിശദീകരിച്ചു.