ചെന്നൈ:ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് തന്നെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരും. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് കര തൊടാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
വേലിയേറ്റവും മഴയും ഉൾപ്പെടെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുന്നുണ്ട്. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, അതിനോട് ചേർന്നുള്ള തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫെംഗൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നത് തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് ചെന്നൈ റീജണൽ മെറ്റീരിയോളജിക്കൽ സെൻ്റർ ഡയറക്‌ടർ ഡോ എസ് ബാലചന്ദ്രൻ ഇന്നലെ (നവംബർ 29) പറഞ്ഞിരുന്നു. പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലുള്ള ക്രോസിംഗ് പോയിൻ്റുള്ള തീരദേശ ജില്ലകളിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നെല്ലൂർ, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി ആന്ധ്രാപ്രദേശ് വിശാഖപട്ടണം സൈക്ലോൺ വാണിങ് സെൻ്റർ ഡയറക്‌ടർ ശ്രീനിവാസ് പറഞ്ഞു. കാറ്റ് വടക്ക് പടിഞ്ഞാറോട്ട് നീങ്ങി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്ക് തമിഴ്‌നാട്, പുതുച്ചേരി തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടിൻ്റെ സമീപ ജില്ലകളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ നെല്ലൂർ, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി
ഫെംഗൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് പുതുച്ചേരി ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അവധി പ്രഖ്യാപിച്ചു
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, മയിലാടുതുറൈ, വില്ലുപുരം, കല്ല്കുറിച്ചി, റാണിപ്പേട്ട്, കടലൂർ എന്നീ ഒമ്പത് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. തഞ്ചാവൂർ ജില്ലയിൽ കുംഭകോണം, തിരുവിടൈമരുതൂർ താലൂക്കുകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.
പരീക്ഷ മാറ്റിവെച്ചു
അണ്ണാ യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ പരീക്ഷകൾ മാറ്റിവെച്ചു. പുനഃക്രമീകരിച്ച തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.