ന്യൂഡൽഹി: 26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാർ ബുധനാഴ്‌ച ചുമതലയേറ്റു. 2024 മാർച്ച് മുതൽ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അദ്ദേഹം തിങ്കളാഴ്‌ചയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റത്. ചൊവ്വാഴ്‌ച സ്ഥാനമൊഴിഞ്ഞ രാജീവ് കുമാറിന് പകരക്കാരനായാണ് ഗ്യാനേഷ് കുമാര്‍ ഈ സ്ഥാനത്ത് എത്തിയത്.
"രാഷ്ട്ര നിർമാണത്തിനുള്ള ആദ്യപടി വോട്ടാണ്, 18 വയസ് പൂർത്തിയായ രാജ്യത്തെ ഓരോ പൗരനും വോട്ട് ചെയ്യണം. ഇന്ത്യൻ ഭരണഘടന, അതിൽ പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് നിയമങ്ങൾ, നിർദേശങ്ങൾ എന്നിവ അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നും വോട്ടർമാർക്കൊപ്പം ഉണ്ടായിരുന്നു, ഇനി എപ്പോഴും ഉണ്ടായിരിക്കും'" എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റതിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനും 2026ല്‍ നടക്കുന്ന കേരള, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും അദ്ദേഹം മേല്‍നോട്ടം വഹിക്കും. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ 2024 മാര്‍ച്ച് 15നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതയേറ്റത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരിക്കുമ്പോള്‍ ജമ്മു കശ്‌മീരിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. കേരള സർക്കാരിൽ എറണാകുളം അസിസ്റ്റന്‍റ് കലക്‌ടർ, അടൂർ സബ് കലക്‌ടർ, കേരള സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപ്പറേഷന്‍റെ മാനേജിങ് ഡയറക്‌ടർ, കൊച്ചി കോർപ്പറേഷന്‍റെ മുനിസിപ്പൽ കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2014ൽ ന്യൂഡൽഹിയിൽ കേരള സർക്കാർ അദ്ദേഹത്തെ റസിഡൻ്റ് കമ്മിഷണറായി നിയമിച്ചു. ഇറാഖിൽ കുടുങ്ങിയ 183 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൂടാതെ ധനകാര്യ വിഭവങ്ങൾ, ഫാസ്റ്റ് ട്രാക്ക് പ്രോജക്‌ടുകൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) നിന്ന് സിവിൽ എഞ്ചിനിയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം, ഗ്യാനേഷ് കുമാര്‍ യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ എച്ച്ഐഐഡിയിൽ നിന്ന് ഐസിഎഫ്എഐയിൽ ബിസിനസ് ഫിനാൻസും എന്‍വയോണ്‍മെന്‍റല്‍ ഇക്കണോമിക്‌സും പഠിച്ചു.
അതേസമയം, കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് തള്ളിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചിരുന്നത്. സെലക്ഷൻ പാനല്‍ സംബന്ധിച്ച ഹർജിയില്‍ സുപ്രീം കോടതി തീരുമാനം വരുന്നതു വരെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെയായിരുന്നു നിയമനം.
Also Read:ഐഎഎസ് ലഭിച്ചിട്ട് ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെക്കുറിച്ചറിയാം