ന്യൂഡൽഹി:വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന, 1995 ലെ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയിൽ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ബില്‍ അവതരിപ്പിക്കും. മുസ്‌ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായാകും വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുക.
വഖഫ് സ്വത്ത് രജിസ്ട്രേഷനുവേണ്ടി കേന്ദ്ര പോര്‍ട്ടല്‍ ഒരുക്കുന്നത് അടക്കം നാല്‍പതിലധികം ഭേദഗതികൾ ബില്ലിൽ ഉണ്ടാകും. പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ റവന്യൂ നിയമങ്ങള്‍ പൂർണമായി പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് ചേർക്കാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ ഉൾക്കൊള്ളുന്ന ഡാറ്റാ ബേസും സജ്ജമാക്കും.
വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും മാറ്റം വരുത്താനും ബില്ലിൽ നിർദ്ദേശമുണ്ട്. 11 അംഗ വഖഫ് ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കണം, മുസ്‌ലിം ഇതര വിഭാഗത്തിൽ നിന്നുള്ള 2 പേര്‍ വേണം, ഓരോ പ്രദേശങ്ങളിലെയും എംപി, എംഎല്‍എ, തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോർഡിലുണ്ടാകണം. മുസ്‌ലിം വിഭാഗത്തിൽ നിന്നുതന്നെയുള്ള ഷിയാ, സുന്നി, ബൊഹ്‌റ, അഗഖാനി തുടങ്ങിയ പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിർദേശിക്കുന്നു.