ന്യൂഡൽഹി: 23-ാമത് നിയമ കമ്മിഷനെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നിയമ കമ്മിഷന്‍റെ രൂപീകരണത്തിന് പ്രസിഡന്‍റ് ദ്രൗപതി മുര്‍മു അനുമതി നല്‍കിയിരുന്നു. 22-ാമത് ലോ പാനലിന്‍റെ കാലാവധി ഓഗസ്റ്റ് 31-ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ പാനലിനെ കേന്ദ്രം അവതരിപ്പിച്ചത്.
2027 ഓഗസ്റ്റ് 31 വരെയാണ് പുതിയ പാനലിന്‍റെ കാലാവധി. തിങ്കളാഴ്‌ച വൈകിയാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. പാനലിൽ മുഴുവൻ സമയ ചെയർപേഴ്‌സണും മെമ്പർ സെക്രട്ടറി ഉൾപ്പെടെ നാല് മുഴുവൻ സമയ അംഗങ്ങളും ഉണ്ടായിരിക്കും. നിയമകാര്യ വകുപ്പ് സെക്രട്ടറിയും നിയമസഭ വകുപ്പ് സെക്രട്ടറിയും ഇതിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. പാനലില്‍ അഞ്ചിൽ കൂടുതൽ പാർട്ട് ടൈം അംഗങ്ങൾ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
'സുപ്രീംകോടതി/ഹൈക്കോടതി ജഡ്‌ജിമാരായി സേവനമനുഷ്‌ഠിക്കുന്ന ചെയർപേഴ്‌സൺ/അംഗങ്ങൾ സുപ്രീം കോടതി/ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്ന തീയതി വരെ അല്ലെങ്കിൽ കമ്മിഷന്‍റെ കാലാവധി അവസാനിക്കുന്നത് വരെ മുഴുവൻ സമയവും അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കും. കമ്മിഷൻ ചെയർപേഴ്‌സൺ/അംഗം എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അവർ ചെലവഴിക്കുന്ന സമയം സര്‍വീസായിത്തന്നെ കണക്കാക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
മറ്റ് വിഭാഗത്തില്‍ നിന്നുള്ള വ്യക്തികളെ ചെയർപേഴ്‌സണായോ മുഴുവൻ സമയ അംഗങ്ങളായോ നിയമിച്ചാൽ, 2. 50 ലക്ഷം രൂപ ശമ്പളത്തിന് അർഹതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. മറ്റ് അംഗങ്ങള്‍ക്ക് പ്രതിമാസം 2.25 ലക്ഷം രൂപയാണ് ശമ്പളം. വിരമിച്ച വ്യക്തികളുടെ (റിട്ടയേർഡ് ജഡ്‌ജിമാർ ഉൾപ്പെടെ) വേതനം (പെൻഷൻ അല്ലെങ്കിൽ റിട്ടയർമെന്‍റെ ആനുകൂല്യങ്ങൾക്ക് തുല്യമായ പെൻഷൻ ഉൾപ്പെടെ) പ്രതിമാസം 2.50 ലക്ഷം രൂപയോ അല്ലെങ്കിൽ 2.25 ലക്ഷം രൂപയോ ആയിരിക്കും.