പനാജി:ഗോവയിൽ ക്രിസ്‌മസിനും പുതുവത്സരത്തിനും മുന്നോടിയായി ബീഫ് ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി വ്യാപാരികൾ സമരത്തിനിറങ്ങിയതോടെയാണ് ഗോവയില്‍ ബീഫ് ക്ഷാമം നേരിടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി തിങ്കളാഴ്‌ച ഗോവയിലെ ബീഫ് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിച്ചു. ഗോസംരക്ഷകരുടെ ആക്രമണത്തിന് പിന്നാലെയാണ് പ്രതിഷേധം.
ഖുറൈഷി മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍റെ കീഴിലാണ് പ്രതിഷേധം നടക്കുന്നത്. നിയമപരമായി ബീഫ് വിൽപന നടത്തുന്ന കടകൾക്ക് നേരെ വലതുപക്ഷ ഹിന്ദു സംഘടനകളുടെ ആക്രമണം വർധിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന് അയച്ച കത്തിൽ അസോസിയേഷൻ അവകാശപ്പെട്ടു.
'ഈയിടെ ഇറച്ചി വ്യാപാരികള്‍ക്ക് നേരെ ആക്രമണം നടന്നത് മർഗോവിലാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണം. ഞങ്ങൾക്ക് സർക്കാരിൽ നിന്ന് സംരക്ഷണം ആവശ്യമാണ്,' എന്ന് ക്യുഎംടിഎ അംഗം അബ്‌ദുള്‍ ബെപാരി പറഞ്ഞു. പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു, തങ്ങളുടെ സുരക്ഷ സംബന്ധിച്ച് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ ഇറച്ചി വ്യാപാരികൾ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാനത്തൊട്ടാകെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് കോൺഗ്രസ് എംഎൽഎ കാർലോസ് അൽവാറസ് ഫെരേര മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാംസക്കച്ചവടക്കാരായാലും ഏതെങ്കിലും സംഘടനയായാലും നിയമം അനുസരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രിഡ്‌ജില്‍ പശു ഇറച്ചി സൂക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ പെട്ടെന്ന് വീടുകളിൽ കയറി ആക്രമണം നടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇത് തീർത്തും അതിക്രമമാണെന്നും ആര്‍ക്കും ഇത്തരത്തില്‍ ആക്രമണം നടത്താൻ അധികാരമില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കടകളിൽ എന്ത് തരം മാംസമാണ് വില്‍ക്കുന്നതെന്ന് പരിശോധിക്കാൻ അനുവദിക്കണമെന്ന് ഗോസംരക്ഷണ ഗ്രൂപ്പുകളും ആവശ്യപ്പെടുന്നുവെന്നും ഫെരേര പറഞ്ഞു. പശു സംരക്ഷകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗോവയിലുടനീളമുള്ള ബീഫ് കച്ചവടക്കാർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തി.
കഴിഞ്ഞയാഴ്‌ച മർഗോവിൽ നടന്ന അക്രമണത്തില്‍ മൂന്ന് കച്ചവടക്കാർക്ക് പരിക്കേറ്റിരുന്നു. ഖുറൈഷി മീറ്റ് ട്രൈഡേഴ്‌സ് അസോസിയേഷനും അസോസിയേഷൻ ഓഫ് ഓൾ ഗോവ മുസ്‌ലിം ജമാഅത്തും ഇറച്ചി വ്യാപാരികളുടെ സുരക്ഷയിലും വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളിലും ആശങ്ക ഉയർത്തി.
അതേസമയം, ഗോവയിലുടനീളം 75ലേറെ ബീഫ് കടകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 250ലേറെപ്പേര്‍ ജോലി ചെയ്യുന്നു. ദിവസം 25 ടണ്ണിലേറെ ബീഫാണ് ഗോവയില്‍ വില്‍ക്കുന്നത്. ബീഫിന്‍റെ പേരിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തിങ്കളാഴ്‌ച ഉറപ്പുനൽകി, വൃത്തിയുള്ള ബീഫ് വിതരണം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read Also:ക്രിസ്‌മസിനൊരു കിടിലന്‍ ബീഫ് റോസ്റ്റ് ആയാലോ! റെസിപ്പിയിതാ