പനാജി:കേരളത്തിന്‍റെ സമ്പൂർണ സാക്ഷരതാ വാദത്തെ തള്ളി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പ്രസ്‌താവനയാണ് ഇപ്പോള്‍ ചര്‍ച്ച. കേരളം 100 ശതമാനം സാക്ഷരത കൈവരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും പ്രായോഗികമായി അത് അങ്ങനെയല്ലെന്നാണ് പ്രമോദ് സാവന്തിന്‍റെ വാദം. യഥാർഥ അർഥത്തിൽ നൂറ് ശതമാനം സാക്ഷരത കൈവരിക്കാൻ ഗോവ ശ്രമിക്കുമെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.
'സ്വയംപൂർണ ഗോവ' എന്ന വെബിനാറിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയായിരുന്നു പ്രമോദ് സാവന്തിന്‍റെ പരാമർശം. 2025 ഡിസംബറോടെ 100 ശതമാനം സാക്ഷരത കൈവരിക്കാനാണ് ഗോവ ലക്ഷ്യമിടുന്നതെന്നും പ്രമോദ് സാവന്ത് തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
'2025 ഡിസംബർ 19-ഓടെ, ഗോവ വിമോചന ദിനത്തിൽ 100 ശതമാനം സാക്ഷരത കൈവരിക്കാനാണ് ഗോവ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവർത്തിക്കാൻ ഞാൻ എല്ലാ കമ്മ്യൂണിറ്റികളോടും, പഞ്ചായത്തുകളോടും അഭ്യർത്ഥിക്കുന്നു. ഒരു വ്യക്തി പോലും നിരക്ഷരനാകരുത്,' സാവന്ത് പറഞ്ഞു.
പ്രമോദ് സാവന്ത് നടത്തിയ പ്രസ്‌താവനയ്‌ക്കു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം അദ്ദേത്തിനെതിരെ വിമർശനങ്ങളുയർന്നു തുടങ്ങി. കേരളത്തിന്‍റെ സമ്പൂർണ സാക്ഷരത പരിശോധിക്കുകയാണെങ്കില്‍ 80 കളുടെ അവസാനം മുതലുള്ള ചരിത്രം പരിശോധിക്കേണ്ടതുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. കേരളം എങ്ങനെ 100 ശതമാനം സാക്ഷരത നേടിയെന്നും എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട് എന്നും വെറുതെ കടലാസുകളില്‍ കുറിച്ച കണക്കുകള്‍ മാത്രമല്ലെന്നും, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല, തീരദേശം, ആദിവാസി മേഖല, ട്രാൻസ്‌ജെൻഡേഴ്‌സ്, ഭിന്നശേഷിക്കാര്‍ എന്നു തുടങ്ങി കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളെ വരെ നിരക്ഷതരയുടെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ കേരളം സ്വീകരിച്ച നിലപാടുകള്‍ ലോകത്തിന് മുന്നില്‍ മാതൃകയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
കേരളമെങ്ങനെ സമ്പൂർണ സാക്ഷരത നേടി:
ലോകത്തിൻ്റെ മുൻനിരയിലേക്ക് കേരളം ചുവടുവച്ച പല മേഖലകളുണ്ട്. അതില്‍ പ്രധാനമാണ് വിദ്യാഭ്യാസവും സാക്ഷരതയും. സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. 2024-ലെ കണക്ക് പ്രകാരം 94.00 ശതമാനമാണ് കേരളത്തിലെ സാക്ഷരത. ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 74 ശതമാനവും.
1987-ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് ഇന്ത്യാ ഗവണ്‍മെൻ്റ ദേശീയ സാക്ഷരതാ മിഷന്‍ ആരംഭിച്ചതു തന്നെ. കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് 1991 ഏപ്രില്‍ 18. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്ക് മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്.
ജനങ്ങളെയാകെ അണിനിരത്തി നാലു വര്‍ഷം നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1991-ല്‍ കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി. കോഴിക്കോട് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മലപ്പുറം കാവനൂര്‍ ഗ്രാമത്തിലെ ചേലക്കോടന്‍ ആയിശ നടത്തിയ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം ആധുനിക കേരള ചരിത്രത്തിലെ നാഴികക്കല്ലാണ്.
സ്‌ത്രീ സാക്ഷരതയുടെ പ്രാധാന്യം
ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തിലെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 96.11 ആണെങ്കില്‍ സ്‌ത്രീകളുടെത് 92.07 ആണ്. സ്‌ത്രീ-പുരുഷ സാക്ഷരതാ നിരക്കിലെ വ്യത്യാസം വളരെ കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഏറ്റവുമധികം സ്‌ത്രീ സാക്ഷരതയുള്ള സംസ്ഥാനവും കേരളം തന്നെ. സ്‌ത്രീ സാക്ഷരതക്ക് യുനെസ്‌കോ തന്നെ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. സമൂഹത്തില്‍ ഏറ്റവുമധികം ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്നത് സ്‌ത്രീകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ചൂഷണത്തിനും ലിംഗവിവേചനത്തിനും എതിരെ പോരാടാന്‍ സ്‌ത്രീകള്‍ക്ക് ശക്തിയും ഊര്‍ജവും നല്‍കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസിലാകണമെങ്കില്‍ സാക്ഷരത നേടണം. എന്തു കഷ്‌ടപ്പാടുകള്‍ സഹിച്ചും മക്കളെ പഠിപ്പിക്കണമെന്ന ബോധം സ്‌ത്രീകള്‍ക്ക് ലഭിക്കുന്നത് സാക്ഷരതയിലൂടെയാണ്. കേരളത്തിലെ ഉയര്‍ന്ന സ്‌ത്രീ സാക്ഷരതയാണ് സ്‌ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയിലും പ്രതിഫലിക്കുന്നത്. ജനസംഖ്യാനുപാതികമായി ഏറ്റവുമധികം സ്‌ത്രീ ബിരുദധാരികളുള്ള സംസ്ഥാനവും കേരളമാണ്.
സാക്ഷരതാ മിഷന്‍ അതോറിറ്റി
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം കൊണ്ട് സാക്ഷരതാ പരിപാടി പൂര്‍ണമാകുന്നില്ല. അത് തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. അതുകൊണ്ടാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് 1998-ല്‍ അന്നത്തെ സര്‍ക്കാര്‍ രൂപം നല്‍കിയത്. എഴുതാനും വായിക്കാനും അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനുമുള്ള കഴിവ് മാത്രമല്ല സാക്ഷരത. സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ഇടപെടാനുള്ള കഴിവ് ആര്‍ജിക്കുമ്പോഴാണ് സാക്ഷരതക്ക് അര്‍ഥമുണ്ടാകുന്നത്. പഠനമെന്നത് ജീവിതത്തിലുടനീളം വേണ്ടതാണ്.
ഈ സാമ്പത്തിക വര്‍ഷം തന്നെ ഒരു ലക്ഷം പേരെ സാക്ഷരരാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആവിഷ്‌കരിച്ചിട്ടുളളത്. പാര്‍ശ്വവത്കരിക്കപ്പെട്ട സ്‌ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങി മുഴുവന്‍ ജനവിഭാഗങ്ങളെയും സാക്ഷരതയിലൂടെ മുഖ്യധാരയില്‍ എത്തിക്കാനും അവര്‍ക്ക് തുല്യ അവസരം ഉറപ്പാക്കാനുമാണ് പരിപാടി. വയനാട് ജില്ലയിലെ മുഴുവന്‍ ആദിവാസികളെയും സാക്ഷരരാക്കാനുള്ള പദ്ധതിയും മുന്നോട്ടുപോകുന്നു.
2024-25 ബജറ്റില്‍ വിദ്യാഭ്യാസ മോഖലയുടെ ഉന്നമനത്തിന് വേണ്ടി മാത്രം 1032.76 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷം മാറ്റിവെച്ചിട്ടുള്ളത്. സാക്ഷരതാ മിഷന്‍ നടത്തുന്ന പ്രത്യേക പദ്ധതികള്‍ക്കായും തുക വിനിയോഗിക്കും.
അക്ഷരസാഗരം തീരദേശ സാക്ഷരതാ പദ്ധതി: