ന്യൂഡല്‍ഹി :മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി ലോക നേതാക്കള്‍. മാലദ്വീപ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ അടക്കമാണ് മന്‍മോഹന്‍ സിങ്ങിന്‍റെ സംഭാവനകളും അയല്‍ രാജ്യങ്ങളുമായി അദ്ദേഹം കാത്തുസൂക്ഷിച്ച ഊഷ്‌മളമായ ബന്ധവും ഓര്‍മിച്ച് അനുശോചനം രേഖപ്പെടുത്തിയത്.
ഇന്ത്യയ്‌ക്ക് ഏറ്റവും മിടുക്കരായ പുത്രന്മാരില്‍ ഒരാളെ നഷ്‌ടപ്പെട്ടു എന്ന് അഫ്‌ഗാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി എക്‌സില്‍ പങ്കിട്ട കുറിപ്പില്‍ പറഞ്ഞു. 'അഫ്‌ഗാന്‍ ജനതയുടെ സുഹൃത്തും ദൃഢമായ സഖ്യകക്ഷിയും' എന്ന് മന്‍മോഹന്‍ സിങ്ങിനെ വിശേഷിപ്പിച്ച അദ്ദേഹം തന്‍റെ അഗാധമായ ദുഖം രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഇന്ത്യയ്‌ക്ക് മിടുക്കരായ പുത്രന്മാരില്‍ ഒരാളെ നഷ്‌ടപ്പെട്ടു. #Dr_Manmohan_Singh അഫ്‌ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സുഹൃത്തും ദൃഢതയുള്ളൊരു സഖ്യകക്ഷിയും ആയിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദുഖിക്കുകയും അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും എന്‍റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' -കര്‍സായി എക്‌സില്‍ കുറിച്ചു.
ദയാവായ്‌പുള്ള പിതൃവാത്സല്യം എന്നാണ് മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് മാലദ്വീപ് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് പ്രതികരിച്ചത്. 'മന്‍മോഹന്‍ സിങ് കടന്നുപോയി എന്ന് കേള്‍ക്കുന്നതില്‍ അതിയായ ദുഖമുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ എപ്പോഴും സന്തോഷവാനാണ്. ദയയുള്ള ഒരു പിതാവിനെ പോലെ ആയിരുന്നു അദ്ദേഹം. മാലദ്വീപിന്‍റെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു' -നഷീദ് എക്‌സില്‍ കുറിച്ചു.
Also Read: "ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു, നമ്മൾ ജയിക്കും, മറികടക്കും"; വിട പറഞ്ഞ് മൻമോഹൻ സിങ്
മന്‍മോഹന്‍ സിങ്ങിന്‍റെ വേർപാട് ഇന്ത്യയ്ക്കും റഷ്യയ്ക്കും അതികഠിനമായ ദുഖത്തിന്‍റെയും വേദനയുടെയും നിമിഷമാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. 'ഇത് ഇന്ത്യയ്ക്കും റഷ്യയ്ക്കും അതികഠിനമായ ദുഖത്തിന്‍റെയും വേദനയുടെയും നിമിഷമാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് ഡോ. മൻമോഹൻ സിങ് നൽകിയ സംഭാവനകൾ അളവറ്റതാണ്. ഒരു സാമ്പത്തിക വിദഗ്‌ധൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ വൈദഗ്ധ്യവും ഇന്ത്യയുടെ പുരോഗതിയോടുള്ള പ്രതിബദ്ധതയും ചോദ്യം ചെയ്യപ്പെടാത്തതാണ്. അദ്ദേഹത്തിന്‍റെ സൗമ്യമായ പെരുമാറ്റം എല്ലായ്‌പ്പോഴും പ്രിയങ്കരമായിരുന്നു' -അലിപോവ് എക്‌സില്‍ കുറിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച (ഡിസംബര്‍ 26) രാത്രിയാണ് മന്‍മോഹന്‍ സിങ് അന്തരിച്ചത്. 92 വയസായിരുന്നു.
Also Read: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്ക്കരണത്തിന്‍റെ പിതാവ്