ജയ്‌പൂർ: മകളുടെ മൊബൈൽ ഫോണ്‍ ഉപയോഗത്തെ ചൊല്ലി അമ്മയുമായി നടന്ന തര്‍ക്കം കലാശിച്ചത് മകളുടെ മരണത്തില്‍. ജയ്‌പൂരിലെ മുണ്ടിയറാംസർ ഗ്രാമത്തിൽ തിങ്കളാഴ്‌ചയാണ് സംഭവം. നികിത എന്ന പെൺകുട്ടിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. നികിതയുടെ അമ്മ പരിക്കുകളോടെ ആശുപത്രിയിലാണ്.
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നികിത മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചിരുന്നത് അമ്മയുമായി സ്ഥിരമായി വഴക്കുണ്ടാകുന്നതിന് കാരണമായിരുന്നു. തിങ്കളാഴ്ച, മകളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ നികിതയുടെ ഫോൺ ഒളിച്ചു വെച്ചു. ഫോണ്‍ തേടി നികിത അമ്മയോട് വഴക്കിട്ടു. വാക്കുതർക്കം പിന്നീട് കയ്യാങ്കിളിയിലേക്ക് നീങ്ങി. ഇരുവരും തമ്മിൽ തല്ലി.
ഭാരമുള്ള വസ്‌തു കൊണ്ട് പെൺകുട്ടിയെ അടിച്ച് പരിക്കേൽപ്പിച്ചതാണ് മരണ കാരണമെന്ന് പ്രഥമദൃഷ്‌ട്യാ തോന്നുന്നതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പെൺകുട്ടി ആത്മഹത്യ ചെയ്‌തതാണ് എന്നാണ് അമ്മ പറഞ്ഞത്. സംഭവ സ്ഥലത്ത് നിന്ന് രക്തം പുരണ്ട ഒരു സാരിയും പൊലീസ് കണ്ടെത്തി. എന്നാൽ പെണ്‍കുട്ടിയുടെ കഴുത്തിൽ ഞെരിച്ചതിന്‍റെ പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ അന്വേഷണങ്ങൾ നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Also Read :ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു - Mobile Phone Exploded