ന്യൂഡല്‍ഹി: മാനുഷിക പിഴവാണ് രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായ ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണത്തിനിടയാക്കിയ ഹെലികോപ്‌ടര്‍ അപകടത്തിന് കാരണമെന്ന് വ്യക്തമാക്കി പാര്‍ലമെന്‍റ് സമിതിയുടെ റിപ്പോര്‍ട്ട്. 2021 ഡിസംബര്‍ എട്ടിനാണ് റാവത്തടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ എംഐ17വി5 ഹെലികോപ്‌ടര്‍ അപകടമുണ്ടായത്.
ജനറല്‍ റാവത്തിന്‍റെ മരണം; ഹെലികോപ്‌ടര്‍ അപകടം മാനുഷിക പിഴവെന്ന് പാര്‍ലമെന്‍റ് സമിതി റിപ്പോര്‍ട്ട് - GEN BIPIN RAWAT DEATH
2021 ഡിസംബര്‍ എട്ടിന് തമിഴ്‌നാടിന് സമീപം കൂനൂരില്‍ സൈനിക ഹെലികോപ്‌ടര്‍ തകര്‍ന്ന് ജനറല്‍ റാവത്തും മറ്റ് ചില സൈനിക ഉദ്യോഗസ്ഥരും മരിച്ചു.
Published : Dec 20, 2024, 10:53 PM IST
ജനറല്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മറ്റ് ചില സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു തമിഴ്‌നാടിന് സമീപം കുനൂരിലുണ്ടായ ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ പതിമൂന്നാം പ്രതിരോധ പ്ലാന്‍ കാലത്ത് ഉണ്ടായ നിരവധി വ്യോമസേന വിമാനാപകടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു. ആകെ മുപ്പത്തിനാല് അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ ഒന്‍പത് വ്യോമസേനാ വിമാനാപകടങ്ങള്‍ 2021-22ലും പതിനൊന്നെണ്ണം 2018-19 കാലത്തുമാണ് നടന്നത്.
എല്ലാ അപകടങ്ങളെക്കുറിച്ചും അന്വേഷണം നടന്നിട്ടുണ്ട്. ഈ അന്വേഷണ കമ്മീഷനുകളുടെ ശുപാര്‍ശ പ്രകാരം പ്രതിരോധ മന്ത്രാലയം ജീവനക്കാര്‍ക്ക് പരിശീലനമടക്കമുള്ളവ നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.