ജയ്‌പൂര്‍:ജയ്‌പൂരിലെ ഗാന്ധി വാതിക മ്യൂസിയം തുറക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. മ്യൂസിയം തുറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അശോക് ഗെലോട്ടും മറ്റ് പ്രവർത്തകരും ഈ മാസം 28ന് സെൻട്രൽ പാർക്കിൽ ധർണ നടത്തുമെന്ന് പ്രഖ്യാപിച്ചു.
'ഒരു വർഷം മുമ്പ് ഉദ്ഘാടനം നടന്നിട്ടും ബിജെപി സർക്കാർ ജയ്‌പൂരിലെ സെൻട്രൽ പാർക്കിലുള്ള ഗാന്ധി വാതിക മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല. ഏകദേശം 85 കോടി രൂപ ചെലവിലാണ് ഈ മ്യൂസിയം നിർമിച്ചിരിക്കുന്നത്'- അശോക് ഗെലോട്ട് എക്‌സിൽ കുറിച്ചു. മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്ത ബിജെപി സംസ്ഥാന സർക്കാരിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
അതേസമയം മ്യൂസിയം തുറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സത്യത്തിൻ്റെയും അഹിംസയുടെയും സന്ദേശം പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി ഈ മ്യൂസിയം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ഭജൻലാലിനോട് ഒരു കത്തിലൂടെയും അഭ്യർഥിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്‍റെ പിടിവാശിക്കെതിരെ പ്രതിഷേധിച്ച് താനും മറ്റ് ഗാന്ധിയൻമാരും ചേർന്ന് സെപ്‌റ്റംബർ 28ന് സെൻട്രൽ പാർക്കിൻ്റെ അഞ്ചാം നമ്പർ ഗേറ്റിൽ ഗാന്ധി വാതിക മ്യൂസിയത്തിന് സമീപം ധർണ നടത്തുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാകും ധർണയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും