ശ്രീനഗര്‍: ഈമാസം 20ന് ഏഴുപേരുടെ ജീവനെടുത്ത ഗന്ദേര്‍ബാല്‍ ആക്രമണത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളെ തിരിച്ചറിഞ്ഞതായി സുരക്ഷ ഉദ്യോഗസ്ഥര്‍. മുഹമ്മദ് റംസാന്‍ ഭട്ട് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒരു ഡോക്‌ടറടക്കം ഏഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇസഡ് മോര്‍ത് തുരങ്ക നിര്‍മ്മാണ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ലഷ്‌കര്‍ ഇ തോയിബ അനുകൂലികളായ ദ റസിസ്റ്റന്‍റ്സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ആക്രമണത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കുല്‍ഗാമിലെ തൊകെര്‍പൊര സ്വദേശിയായ ഭട്ടിനെ 2023 മുതല്‍ കാണാനില്ലായിരുന്നു. ഈ കാലയളവിലാകും ഇയാള്‍ ടിആര്‍എഫില്‍ ചേര്‍ന്നതും, ആക്രമണം നടത്താനുള്ള പരിശീലനം നേടിയതുമെന്നാണ് നിഗമനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആക്രമണം നടന്ന സ്ഥലത്തെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതാണ് ആക്രമണത്തില്‍ ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുണര്‍ത്തുന്നത്.
സംഭവത്തെ തുടര്‍ന്ന് ജമ്മുകശ്‌മീര്‍ പൊലീസും ദേശീയ അന്വേഷണ ഏജന്‍സിയും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭട്ടിനെ കണ്ടെത്താനായി വ്യാപക പരിശോധന നടത്തുകയാണ്. എന്നാല്‍ ഇതുവരെ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
ചോദ്യം ചെയ്യാനായി അന്‍പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ പലർക്കും അക്രമിയുമായി ബന്ധമുണ്ടെന്നാണ് സംശയം. ആക്രമണത്തെക്കുറിച്ച് ചില ഇന്‍റലിജന്‍സ് വിവരങ്ങളും കിട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭട്ടിനായുള്ള തെരച്ചില്‍ തീവ്രമായി തുടരുകയാണ്. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെ പ്രാദേശിക സംഘങ്ങള്‍ വിവരങ്ങള്‍ അവര്‍ക്ക് കൈമാറിയിട്ടുണ്ട്.
കുര്‍ത്തിയും പൈജാമയും ധരിച്ച് താടി നീട്ടിവളര്‍ത്തിയ രണ്ട് ഭീകരര്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി ഇടിവി ഭാരത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഒരു വാഹനത്തിന്‍റെ ദൃശ്യവും പശ്ചാത്തലത്തിലുണ്ട്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. വിവിധ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.
ജൂണ്‍ ഒന്‍പതിന് ജമ്മുവിലെ റിയാസി ജില്ലയിലുണ്ടായ ആക്രമണത്തിന് ശേഷം സാധാരണ ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഈ മാസം ഇരുപതിന് ഉണ്ടായത്. ജൂണ്‍ ഒന്‍പതിന് ശിവഖോരി ക്ഷേത്രത്തില്‍ നിന്ന് തിരിച്ച് വരിയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒന്‍പത് തീര്‍ത്ഥാടകരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Also Read:കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം സുഗമമായി പുരോഗമിക്കുന്നുവെന്ന് ചൈന