ഹൈദരാബാദ്: ഹൈദരാബാദിൽ വ്യാപാരം മറയാക്കി പണം തട്ടിയെടുത്ത് സൈബർ കുറ്റവാളികൾ. ഓൾഡ് സിറ്റിയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് തട്ടിപ്പിന് ഇരയായത്. ഓഹരി വിപണിയിൽ എങ്ങനെ വ്യാപാരം നടത്താമെന്നും നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കാമെന്നുമുള്ള വിവരണങ്ങൾ നൽകുന്ന ലിങ്ക് സഹിതം ഒരു സന്ദേശം വാട്‌സ്‌ആപ്പിലൂടെ ഇയാൾക്ക് ലഭിക്കുകയായിരുന്നു. ലിങ്ക് തുറന്നപ്പോൾ ഇയാളുടെ പേരും മറ്റു വിവരങ്ങളും അതിൽ ഉണ്ടായിരുന്നു.
തുടർന്ന് അല്പസമയത്തിനുള്ളിൽ തന്നെ ഒരു അജ്ഞാതൻ വാട്‌സ്‌ആപ്പ് കോൾ വഴി ഇരയെ ബന്ധപ്പെടുകയും ഇയാളുടെ നമ്പർ ടെലെഗ്രാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. ശേഷം എങ്ങനെ ട്രേഡിങ്ങ് നടത്താമെന്നതിനെ കുറിച്ച് എളുപ്പ വിദ്യകൾ നിർദേശിക്കുകയും ചെയ്‌തു. തുടർന്ന് തട്ടിപ്പുകാർ നിർമിച്ച വ്യാജ ഐ പി ഒ വെബ്സൈറ്റായ ഇന്ത്യൻ പോസ്റ്റിൽ അംഗത്വം നൽകുകയും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തട്ടിപ്പുകാരുടെ നിർദേശാനുസരണം പണം നിക്ഷേപിച്ച ഇരയ്ക്ക് ആദ്യം ഒരു തുക തിരിച്ചു ലഭിച്ചു. കൂടുതൽ പണം സമ്പാദിക്കാമെന്ന മോഹത്തിൽ 30 ലക്ഷം രൂപ വീണ്ടും ഇര അക്കൗണ്ടിൽ നിക്ഷേപിച്ചു. മൂന്ന് ഇരട്ടി ലാഭം നേടിയതായി ആപ്പ് കാണിക്കുകയും എന്നാൽ ഈ പണം പിൻവലിക്കുന്നതിന് കമ്മീഷനായി 30 ശതമാനം ഇടയാക്കുമെന്നും മാനേജ്‍മെന്‍റ് ചെലവുകൾക്ക് 10 ശതമാനം ജി എസ് ടിയും ആദായനികുതിയും നൽകണമെന്നും അറിയിച്ചു. വീണ്ടും ഭീമമായ തുക അക്കൗണ്ടിലേക്ക് ഇര നിക്ഷേപിക്കുകയും മൊത്തം നിക്ഷേപം 1 കോടി രൂപയായപ്പോൾ ആപ്പ് അപ്രത്യക്ഷമായി. ഇതോടെ തട്ടിപ്പുകന്‍റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് തട്ടിപ്പിനിരയായ വിവരം ഇര മനസിലാക്കുന്നത്.
സമാനമായ രണ്ടു തട്ടിപ്പുകൾ കൂടി ഈ അടുത്തിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരു അഭിഭാഷകനെയും ചെറുകിട തൊഴിലാളിയെയുമാണ് സൈബർ കുറ്റവാളികൾ പണം കൈക്കലാക്കി കബളിപ്പിച്ചത്. അഭിഭാഷകനിൽ നിന്ന് സൈബർ കുറ്റവാളികൾ തട്ടിയെടുത്തത് 25.71 ലക്ഷം രൂപയാണ്. എച്ച്എംടി സ്വർണപുരി കോളനി സ്വദേശിയായ അഭിഭാഷകൻ കഴിഞ്ഞ മാസമാണ് തട്ടിപ്പിനിരയായതെന്ന് അമിൻപൂർ സിഐ നാഗരാജു പറഞ്ഞു. അമീൻപൂർ മുനിസിപ്പാലിറ്റിയിലെ ഭവാനിപുരം കോളനി നിവാസിയയായ ചെറുകിട തൊഴിലാളിയ്ക്ക് നഷ്‌ടമായത് 15.37 ലക്ഷം രൂപയുമാണ്.