49 വര്‍ഷം മുമ്പ് 1975 ജൂണ്‍ 25 അര്‍ധരാത്രിയോടെയാണ് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായം പിറന്നത്. അന്നാണ് രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലിഅഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്ന പേരില്‍ ഭരണഘടനയുടെ 352-ാം അനുച്‌ഛേദം എടുത്ത് പ്രയോഗിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഭരണകൂടം. 1977 മാര്‍ച്ച് 21 വരെ അടിയന്തരാവസ്ഥ നീണ്ടു.
1971ല്‍ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തലൂടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. എന്നാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉതകുന്ന യാതൊരു നടപടിയും അവര്‍ നടത്തിയില്ല. വിലക്കയറ്റയവും തൊഴിലില്ലായ്‌മയും പട്ടിണിയും ജനങ്ങളെ അസംതൃപ്‌തരാക്കി. അതോടെ ഇവര്‍ തെരുവിലിറങ്ങി.
ഗുജറാത്തിലും ബീഹാറിലും 1973-74 കാലത്ത് വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. 1974 മാര്‍ച്ച് പതിനെട്ടിന് ആരംഭിച്ച സമ്പൂര്‍ണ ക്രാന്തി പ്രസ്ഥാനത്തിന് സ്വാതന്ത്ര്യ സമരനായകന്‍ ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കി. ഗുജറാത്തില്‍ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വയ്ക്കേണ്ട വന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി മൊറാര്‍ജി ദേശായിയുടെ അനിശ്‌ചിതകാല സമരം വേണ്ടി വന്നു. 1974ല്‍ അഖിലേന്ത്യാ വ്യാപകമായി നടന്ന റെയില്‍വേ സമരം ജനരോഷത്തിന്‍റെ മറ്റൊരു മുഖമായിരുന്നു.
മധ്യപ്രദേശിലും ഗുജറാത്തിലും നടന്ന വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങള്‍ അടിച്ചമര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ വെടിവയ്‌പുകളില്‍ കലാശിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇന്ദിരയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിയും ഇതേ ദിവസം തന്നെ പുറത്ത് വന്നു. ആറു വര്‍ഷം ഇന്ദിര തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും കോടതി വിലക്കി.
ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. ഡല്‍ഹിയിലെ രാം ലീലയില്‍ വന്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തി ജയപ്രകാശ് നാരായണന്‍ ഇന്ദിരയുടെ രാജി ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര സുപ്രീം കോടതിയെ സമീപിച്ചു. വി ആര്‍ കൃഷ്‌ണയ്യര്‍ ഉപാധികളോട ഇന്ദിരയ്ക്ക് സ്‌റ്റേ അനുവദിച്ചു. എന്നാല്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇന്ദിര തയാറായില്ല. ജനാധിപത്യ ഘാതകനെന്ന് കുപ്രസിദ്ധനായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ സഹായത്തോടെ അടിയരാവസ്ഥ പ്രഖ്യാപനത്തിനുള്ള വിജ്ഞാപനം തയാറാക്കി. സ്വന്തം മന്ത്രിസഭാംഗങ്ങള്‍ പോലുമറിയാതെ രാത്രിക്ക് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
21 മാസം നീണ്ട അടിയന്തരാവസ്ഥയില്‍ രാജ്യം ഇന്ദിരാഗാന്ധിയെന്ന ഏകാധിപതിയുടെ കീഴില്‍ എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ട് അപമാനിതരായി കഴിയേണ്ടി വന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനും. ആവിഷ്‌ക്കാര സ്വാതന്ത്ര്യം അടക്കം എല്ലാം ഹനിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടു. പൗരാവകാശങ്ങള്‍ ഇല്ലാതായി. ജനാധിപത്യത്തിന്‍റെ നാലാം തൂണായ പത്ര മാധ്യമങ്ങള്‍ക്ക് ഇന്ദിര കൂച്ചുവിലങ്ങിട്ടു.