മംഗളൂരു: കടം വീട്ടുന്നതിനായി യൂട്യൂബ് കണ്ട് 500 രൂപയുടെ കള്ളനോട്ട് അച്ചടിച്ച പ്രതികൾ അറസ്റ്റിൽ. മംഗളൂരു സിസിബി പൊലീസാണ് നാലുപേരെ അറസ്റ്റ് ചെയ്‌തത്. കാസർകോട് ജില്ലയിലെ കൊളത്തൂർ സ്വദേശിയായ വി പ്രിയേഷ് (38), മുളിയരു വില്ലേജിലെ മല്ലം സ്വദേശി വിനോദ് കുമാർ കെ (33), പെരിയ കുണിയ, വടങ്കുങ്കര സ്വദേശി അബ്‌ദുൾ ഖാദർ എസ്എ (58), കഡബയിലെ ബെലന്ദൂർ വില്ലേജിലെ കുദ്‌മാർ സ്വദേശി അയൂബ് ഖാൻ (51) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാളായ പ്രിയേഷ് കേരളത്തിൽ വച്ച് കള്ളനോട്ട് അച്ചടിച്ച ശേഷം മംഗളൂരുവിൽ എത്തി പ്രചരിപ്പിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ ഇയാളിൽ നിന്ന് കള്ളനോട്ട് വാങ്ങാനെത്തിയവരാണ്. 500 രൂപയുടെ 427 കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
കാസർകോട് ജില്ലയിൽ വച്ചായിരുന്നു 500 രൂപയുടെ വ്യാജ നോട്ടുകൾ അച്ചടിച്ചിരുന്നത്. പിന്നീട് മംഗളൂരു നഗരത്തിലെ ക്ലോക്ക് ടവറിന് സമീപമുള്ള ലോഡ്‌ജിൻ്റെ പരിസരത്ത് നിന്ന് കള്ളനോട്ടുകൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് മംഗളൂരു സിസിബി പൊലീസ് റെയ്‌ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.