കാഠ്‌മണ്ഡു:നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 112 പേര്‍ മരിച്ചതായി റിപ്പോർട്ട്. കാഠ്‌മണ്ഡു ഉള്‍പ്പെടെ രാജ്യത്തെ നിരവധി ജില്ലകള്‍ വെളളത്തിനടിയിലാണ്. 68 പേരെ കാണാതായിട്ടുണ്ട്.
വ്രെപാലൻചൗക്കിൽ 34, ലളിത്പൂരിൽ 20, ധാഡിംഗിൽ 15, കാഠ്‌മണ്ഡുവിൽ 12, മക്വാൻപൂരിൽ ഏഴ്, സിന്ധുപാൽചൗക്കിൽ നാല്, ദോലാഖയിൽ മൂന്ന്, പഞ്ച്താർ, ഭക്തപൂർ ജില്ലകളിൽ അഞ്ച്, ധൻകുത, സോലുഖുംബു പ്രദേശങ്ങളില്‍ രണ്ട്, രാംചാപ്, മഹോത്താരി, സൺസാരി ജില്ലകളിൽ നിന്ന് ഓരോരുത്തർ എന്നിങ്ങനെയാണ് നേപ്പാള്‍ പൊലീസ് സേന പുറത്തുവിട്ട മരിച്ചവരുടെ കണക്ക്. നുറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. നേപ്പാള്‍ പൊലീസും, നേപ്പാള്‍ സൈന്യവും, സായുധ പൊലീസ് സേനയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.
കാഠ്‌മണ്ഡുവില്‍ വലിയ നാശനഷ്‌ടം സംഭവിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് പറഞ്ഞു. 412,000 വീടുകള്‍ കാലവർഷവുമായി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ നശിച്ചു. 1.8 ദശലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്.