ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളിലായി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടര്‍ച്ചയായി ഉയരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികൾക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ കർശന നടപടിയെടുക്കുന്നത് ഉറപ്പാക്കാൻ വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രാലയം ആലോചിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു അറിയിച്ചു.
വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായും, കുറ്റക്കാര്‍ക്ക് ഇനി ഒരിക്കലും വിമാനങ്ങളില്‍ കയറാൻ സാധിക്കാത്ത തരത്തില്‍ നിയമം കര്‍ശനമാക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. നാല് ദിവസത്തിനുള്ളിൽ, വിവിധ ഇന്ത്യൻ എയർലൈനുകളുടെ കുറഞ്ഞത് 30 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഭൂരിഭാഗം വിമാനങ്ങളും വഴിതിരിച്ചുവിടുകയും സുരക്ഷ പരിശോധന നടത്തുകയും ചെയ്‌തു. എന്നാല്‍ ബോംബ് ഭീഷണികളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നടപടിക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്.
കടുത്ത നടപടി എടുക്കുമെന്ന് വ്യോമയാന മന്ത്രി:
തങ്ങൾ ഈ വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു വ്യക്തമാക്കി. വിമാനക്കമ്പനികൾക്കു നേരെയുള്ള ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കർശനമായ നടപടികൾ ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ബോംബ് ഭീഷണിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യം പറയാനാകില്ല. വ്യാജ ബോംബ് ഭീഷണി നേരിടാൻ വിദേശ രാജ്യങ്ങളിൽ പാലിക്കുന്ന വ്യവസ്ഥകളും മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നുണ്ടെന്നും ഏവിയേഷൻ മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.