ചെന്നൈ : ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലായ മത്സ്യ തൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനത്തെ മത്സ്യ തൊഴിലാളികളുടെ പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
തമിഴ് മത്സ്യത്തൊഴിലാളുകളുടെ ബോട്ടുകള്‍ ശ്രീലങ്കന്‍ നാവിക സേന പിടിച്ചെടുക്കുന്നത് പതിവായിരിക്കുകയാണ്. ഇത് ഉപജീവനത്തിനായി കടലിലിറങ്ങുന്നവരുടെ അവകാശങ്ങള്‍ ഹനിക്കലാണെന്നും തലമുറകളായി ഇത്തരം ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജോയിന്‍റ് ആക്ഷന്‍ ഗ്രൂപ്പ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു (Tamil Nadu Chief Minister MK Stalin).
തമിഴ് മത്സ്യത്തൊഴിലാളികൾ തലമുറകളായി ആശ്രയിക്കുന്ന പരമ്പരാഗത മത്സ്യബന്ധനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന അവസ്ഥയാണുള്ളത്. ഇത് തൊഴിലാളികളുടെ ഉപജീവനത്തിന് വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്. 2023ല്‍ 243 മത്സ്യ തൊഴിലാളികളെയും 37 ബോട്ടുകളുമാണ് ശ്രീലങ്കന്‍ നാവിക സേന പിടികൂടിയത്. എന്നാല്‍ കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ മാത്രം 88 തൊഴിലാളികളെയും 12 ബോട്ടുകളും പിടികൂടിയിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയുണ്ടാകണമെന്നും എംക സ്റ്റാലിന്‍ പറഞ്ഞു.
2018ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഫിഷറീസ് ആക്‌ടില്‍ ഭേദഗതികള്‍ വരുത്തി. ശ്രീലങ്കയുടെ ഈ നടപടി കാരണം പിടിച്ചെടുത്ത ബോട്ടുകള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ ജീവിത കാലം മുഴുവന്‍ അധ്വാനിച്ച് സ്വരൂപിച്ച തുക കൊണ്ടാണ് ഭൂരിഭാഗം തൊഴിലാളികളും ബോട്ടുകള്‍ സ്വന്തമാക്കിയിട്ടുള്ളത്.
ബോട്ടല്ലാതെ മറ്റൊന്നും അവര്‍ക്ക് സമ്പാദ്യമായിട്ടില്ല. അതുകൊണ്ട് ഫിഷറീസ് ആക്‌ടില്‍ ഭേദഗതി വരുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും നാവിക സേന പിടിച്ചെടുത്ത തൊഴിലാളികളെയും ബോട്ടുകളെയും തിരികെയെത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.