ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ എഐ നിര്‍മിത ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടിയ്‌ക്കെതിരെ പൊലീസ് കേസ്. എഎപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആണ് ചിത്രങ്ങളും വീഡിയോകളും പങ്കിട്ടത്. എഎപിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
പ്രസക്തമായ വകുപ്പുകള്‍ ചുമത്തി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് എന്നും പൊലീസ് പറഞ്ഞു. 'എഎപിയുടെ ഔദ്യോഗിക എക്‌സ് പേജില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ആക്ഷേപകരമായ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചതായി കാണിച്ച് പരാതി ലഭിച്ചിരുന്നു. ജനുവരി 10 നും ജനുവരി 13 നും എഎപി പോസ്റ്റ് ചെയ്‌തതായി ആരോപിക്കപ്പെടുന്ന വീഡിയോകളിൽ ഒന്ന് എഐ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണ്.
90 കളിലെ ഒരു ബോളിവുഡ് ചിത്രത്തിൽ നിന്നുള്ള ഒരു രംഗം ആണ് പോസ്റ്റില്‍. അതില്‍ വില്ലന്മാരുടെ മുഖങ്ങൾക്ക് പകരം ബിജെപി നേതാക്കളുടെ മുഖങ്ങള്‍ വച്ചിരിയ്‌ക്കുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ശബ്‌ദശകലവും ചേര്‍ത്തിട്ടുണ്ട്' -ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതി വിശകലനം ചെയ്‌ത ശേഷം, കേസിൽ എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് എഎപി പ്രതികരിച്ചു. ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇത്തരത്തിലുള്ള വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അടുത്തത് മുഖ്യമന്ത്രി അതിഷിയേയും മനീഷ് സിസോദിയയേയും ലക്ഷ്യമിട്ട് റെയ്‌ഡും അറസ്റ്റുമൊക്കെയാണ് രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി ബിജെപി ആസൂത്രണം ചെയ്യുക എന്നും എഎപി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
'വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുക, വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുക, യഥാര്‍ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്ക് എതിരെയോ, പണവും മറ്റ് പാരിതോഷികങ്ങളും നല്‍കി വോട്ട് വാങ്ങുന്നവര്‍ക്ക് എതിരെയോ കേസില്ല. അധികാര ദുര്‍വിനിയോഗവും എഎപിയുടെ വര്‍ധിച്ച് വരുന്ന ജനപ്രീതിയോടും പാര്‍ട്ടിയുടെ പ്രതിബദ്ധതയോടും ഉള്ള ബിജെപിയുടെ ഭയവുമാണ് ഈ പരാതി തുറന്നുകാട്ടുന്നത്' -എഎപി പ്രസ്‌താവനയില്‍ പറഞ്ഞു.
Also Read: ബലാത്സംഗം: ഹരിയാന ബിജെപി പ്രസിഡന്‍റിനും ഗായകനുമെതിരെ കേസ്