ന്യൂഡല്‍ഹി: കേന്ദ്രബജറ്റിനെതിരെ ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൊഴില്‍ സ്രഷ്‌ടാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും കരുത്തേകുന്ന നടപടിയാണ് ധനമന്ത്രാലയം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികള്‍ രാഷ്‌ട്രീയത്തിന്‍റെ പേരില്‍ അല്ലാതെ ജനപക്ഷത്ത് നിന്ന് ബജറ്റിനെ വീക്ഷിക്കണം. ഇതവരുടെ കടമയാണ് അത് അവര്‍ ചെയ്യട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.
അവരെ പ്രതിഷേധിക്കാന്‍ അനുവദിക്കാം. ബജറ്റ് രാജ്യത്തിന് വേണ്ടിയുള്ളതാണ്. ധനമന്ത്രി നീതിപൂര്‍വമാണ് പ്രവര്‍ത്തിച്ചത്. ഇതിനെ നൂതനമെന്ന് താന്‍ വിശേഷിപ്പിക്കുന്നില്ല. എന്നാല്‍ ഇത് ഏറ്റവും അത്യാവശ്യം ഉള്ളവരെയും ഇടത്തരക്കാരെയും ചേര്‍ത്ത് പിടിക്കുന്ന ബജറ്റാണിത്. കൂറുള്ള സേവനമെന്ന് താന്‍ ഇതിനെ വിളിക്കും എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേരെ നിര്‍മ്മല സീതാരാമന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.