ന്യൂഡൽഹി :പ്രക്ഷോഭത്തിലുള്ള കർഷകർക്ക് പിന്തുണയുമായി രാജ്യത്തുടനീളം സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌ത ട്രാക്‌ടർ മാർച്ച് (SKMs Tractor March Today) ഇന്ന് നടക്കും. രാജ്യത്തെ ഹൈവേകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് മണി വരെയാണ് കർഷക സംഘടനകൾ ട്രാക്‌ടർ മാർച്ച് നടത്തുന്നത് (Farmers Protest). അതേസമയം, കർഷകർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ സ്ഥാപിച്ച ബാരിക്കേഡുകൾ ഭാഗികമായി ഡൽഹി പൊലീസ് നീക്കി. ഇന്‍റർനെറ്റ് സേവന നിരോധനവും പിൻവലിച്ചിട്ടുണ്ട്.
ട്രാക്‌ടർ മാർച്ചിന് മുന്നോടിയായി ഡൽഹി-നോയിഡ അതിർത്തി മേഖലയിൽ ഗതാഗതക്കുരുക്ക് സംബന്ധിച്ച് യാത്രക്കാർക്ക് നോയിഡ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത് കൂടാതെ, ഡൽഹിയിലെയും നോയിഡയിലെയും പ്രധാന പ്രവേശന കവാടങ്ങളിലും എക്‌സിറ്റ് പോയിൻ്റുകളിലും അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്.
അതിർത്തികൾ ഭാഗികമായി തുറന്നു : ഡൽഹിയുടെ തിക്രി, സിംഗു അതിർത്തികളിലെ ബാരിക്കേഡുകളാണ് ഭാഗികമായി തുറന്നത്. ഇതോടെ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ സാധിക്കും. ഇതോടൊപ്പം പഞ്ചാബ് അതിർത്തിയിലെ ബാരിക്കേഡുകളും നീക്കം ചെയ്‌തു.
ഇൻ്റർനെറ്റ് നിരോധനം നീക്കി :ഹരിയാനയിലെ ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് നിരോധനം നീക്കി. കർഷക സമരത്തോടനുബന്ധിച്ച് ഫെബ്രുവരി 11ന് രാവിലെ ആറ് മണി മുതൽ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ ഇൻ്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരുന്നു. രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചത്.