ചണ്ഡിഗഡ്/ന്യൂഡൽഹി :ദേശീയ തലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് ഹരിയാന പൊലീസ്. പിന്നാലെ മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്ന് ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പടെ 24 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പഞ്ചാബിൽ നിന്നുള്ള കർഷകർക്ക് നേരെ പൊലീസ് ഇന്നലെ (13-02-2024) സംസ്ഥാനങ്ങൾക്കിടയിലുള്ള രണ്ട് അതിർത്തി പോയിന്‍റുകളിൽ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു (Farmers Clash With Haryana Cops).
പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായും ഹരിയാനയിലെ അംബാല നഗരത്തിന് സമീപമുള്ള ശംഭു അതിർത്തിയിൽ നടന്ന ആക്രമണത്തിൽ 60 ഓളം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും കർഷക നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ ജിന്ദ് ജില്ലയിലെ അതിർത്തിയിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡാറ്റാ സിംഗ്‌വാല - ഖനൗരി അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ അവരില്‍ ഒമ്പത് പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
മണിക്കൂറുകളോളം നീണ്ടുനിന്ന പൊലീസുമായുള്ള പ്രതിഷേധം വൈകുന്നേരത്തോടെ കർഷക നേതാക്കൾ അവസാനിപ്പിച്ചു. ഇന്ന് (14-02-2024) ശംഭുവിൽ നിന്ന് മാർച്ച് പുനരാരംഭിക്കുമെന്ന് അവർ പറഞ്ഞിരുന്നു. സംയുക്ത കിസാൻ മോർച്ചയും (രാഷ്‌ട്രീയേതര) കിസാൻ മസ്‌ദൂർ മോർച്ചയുമാണ് വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്‌പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ 'ഡൽഹി ചലോ' ('Delhi Chalo') സമരത്തിന് നേതൃത്വം നൽകുന്നത്.
എല്ലാ പങ്കാളികളോടും കൂടിയാലോചിക്കാതെ എംഎസ്‌പി ഉറപ്പുനൽകുന്ന നിയമം തിടുക്കത്തിൽ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടെ വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിഷയത്തിൽ സർക്കാരുമായി ഘടനാപരമായ ചർച്ച നടത്തണമെന്ന് അദ്ദേഹം കർഷക സംഘങ്ങളോട് അഭ്യർഥിച്ചു. മന്ത്രി അർജുൻ മുണ്ടെയും കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രി പിയൂഷ് ഗോയലും തിങ്കളാഴ്‌ച (12-02-2024) രാത്രി ചണ്ഡിഗഡിൽ കർഷക സംഘടനകളുമായി അവസാന ഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ അഞ്ച് മണിക്കൂർ നീണ്ട കൂടിക്കാഴ്‌ച അനിശ്ചിതത്വത്തിലായി.