ചണ്ഡീഗഡ്:വിളകൾക്ക് മിനിമം താങ്ങുവില നൽകുക ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് 27ാം ദിവസത്തിലേക്ക് (Farmers 'Delhi Chalo' March Enters Day 27). രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽവച്ച് ധർണ നടത്തുകയാണ്. അടുത്ത നടപടികൾക്കായി കർഷകർ ഉടൻ യോഗം ചേരുമെന്ന് കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു.
ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കർഷകർ ശംഭു, ഖാനൂരി അതിർത്തികളിൽ സമരം നടത്തുകയാണ്. അഞ്ച് കർഷകരും മൂന്ന് പൊലീസുകാരും ഉൾപ്പെടെ എട്ട് പേരാണ് ഇതുവരെ കർഷക പ്രക്ഷോഭത്തിൽ മരണപ്പെട്ടത്.
നാലാം വട്ട ചർച്ചയും പരാജയം:മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള നിയമം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളിൽ ഉന്നയിച്ച് കർഷകർ സമരത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. സമരത്തിന് മുന്നോടിയായി കർഷക നേതാക്കളും സർക്കാരും തമ്മിൽ നാല് തവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്.
പിന്നോട്ടില്ല വച്ച കാൽ മുന്നോട്ട്: മാർച്ച് 10 ഞായറാഴ്‌ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, കേരളം, കർണാടക, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കർഷകർ 'റെയിൽ റോക്കോ' സമരം ആരംഭിച്ചിരുന്നു.
കർഷകരുടെ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതിനാൽ സർക്കാർ തങ്ങളെ ശ്രദ്ധിക്കുന്നതുവരെ ഇത്തരം ആഹ്വാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു. തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുകയാണെന്നും ഡാബ്‌വാലി അതിർത്തിയിൽ വരും ദിവസങ്ങളിൽ കർഷകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അടുത്ത നടപടികൾക്കായി കർഷകർ ഉടൻ യോഗം ചേരുമെന്നും കർഷക സംഘടനകൾ പറഞ്ഞു.
കർഷക സമരം ഇതുവരെ: ഫെബ്രുവരി 13ന് രാവിലെ 10 മണിക്കാണ് കർഷകർ ഡൽഹിയിലേക്കുള്ള മാർച്ച് ആരംഭിച്ചത്. പഞ്ചാബിൽ നിന്നുള്ള കർഷകർ ഫെബ്രുവരി 12 ന് വൈകുന്നേരത്തോടെ ശംഭു അതിർത്തിയിൽ എത്തിയിരുന്നു. ഫെബ്രുവരി 13 ന് രാവിലെ ഹരിയാന പൊലീസിൻ്റെ ബാരിക്കേഡ് തകർക്കാൻ കർഷകർ ശ്രമിക്കുകയും ഇതിനു മറുപടിയായി കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക പ്രയോഗവും റബ്ബർ ബുള്ളറ്റ് വെടിവെപ്പും പ്രയോഗിച്ചിരുന്നു.
കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ പഞ്ചാബിൽ നിന്നുള്ള ഒരു യുവ കർഷകൻ കൊല്ലപ്പെട്ടിരുന്നു. ശംഭു അതിർത്തിയിലേതുപോലെ ഖാനൂരിയുടെയും ദബ്‌വാലിയുടെയും അതിർത്തിയിൽ ഏറ്റുമുട്ടൽ ഗുരുതരമായി തുടരുകയാണ്.