ന്യൂഡല്‍ഹി :കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകൾക്ക് എതിരെ, പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ ഡൽഹിയിലേക്ക്. ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. രാവിലെ പതിനൊന്ന് മണിയോടെയാണ് മാര്‍ച്ച് ആരംഭിക്കുക. പൊലീസ് പ്രതിരോധം തടയാന്‍ സര്‍വ്വസന്നാഹങ്ങളുമായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്.
ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ പൊലീസിന്‍റെ നിയന്ത്രണങ്ങൾ മറികടക്കാൻ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. എന്നാല്‍ സമാധാനപരമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് തന്നെയാണ് കര്‍ഷകരുടെ ആവശ്യം.
നാലാമത്തെ ചർച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കർഷകർ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറായത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡൽഹിയിൽ തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുക എന്ന ആവശ്യമാണ് കർഷകർ മുന്നോട്ടുവച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൃഷിയിടങ്ങൾ വഴി ഡൽഹിയിലേക്ക് കടക്കാനും കർഷകർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് (Farmers' Delhi Chalo March will restart today).
അതേസമയം പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ 14,000 കർഷകർക്ക് ഒത്തുകൂടാൻ വീണ്ടും അനുമതി നൽകിയതോടെ സുരക്ഷ ശക്തമാക്കി പൊലീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ശംഭു അതിർത്തിയിൽ നിന്ന് ബുൾഡോസറുകളും മറ്റ് മണ്ണുമാന്തി ഉപകരണങ്ങളും പിടിച്ചെടുക്കാൻ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കർഷക മുന്നേറ്റത്തെ നേരിടാൻ പൊലീസും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. റോഡിൽ ഇതിനോടകം കോൺക്രീറ്റ് ബാരിക്കേഡുകളും മുൾവേലികളും പൊലീസ് നിരത്തിയിട്ടുണ്ട്.