ചണ്ഡീഗഡ് : കേന്ദ്രവും കർഷകരുമായുളള നാലാം വട്ട ചർച്ചയ്‌ക്ക് ശേഷം ഡല്‍ഹി ചലോ മാര്‍ച്ച് താത്‌കാലികമായി നിര്‍ത്തിവച്ച് കര്‍ഷകര്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ ഡൽഹി ചലോ മാർച്ചുമായി കർഷകർ മുന്നോട്ട് പോകുമെന്ന് പഞ്ചാബ് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പന്ദർ പറഞ്ഞു. മിനിമം താങ്ങുവില സംബന്ധിച്ച് സർക്കാർ മുന്നോട്ടുവച്ച നിർദേശത്തെക്കുറിച്ച് ചർച്ച രണ്ട് ദിവസത്തിനു ശേഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Farmer Leader After Meeting With Union Ministers).
സർക്കാരിൻ്റെ നിർദേശം സംബന്ധിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തങ്ങൾ ചർച്ച നടത്തും. മറ്റ് ആവശ്യങ്ങളും സർക്കാർ പരിഗണിക്കും. ചർച്ചയിൽ ഫലമുണ്ടായില്ലെങ്കിൽ ഫെബ്രുവരി 21ന് ഡൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച ചണ്ഡീഗഡിൽ പ്രതിഷേധിച്ച കർഷക യൂണിയനുകളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ സമാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരുമായുള്ള നാലാം റൗണ്ട് ചർച്ചയിൽ കർഷകരുടെ ആവശ്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് എസ്‌കെഎം നേതാവ് ജഗ്‌ജിത് സിങ് വ്യക്തമാക്കി. പയറുവർഗങ്ങൾ, ചോളം, പരുത്തി എന്നിവയ്ക്ക് എംഎസ്‌പി ഉറപ്പുനൽകുന്ന ഒരു നിർദേശം സർക്കാർ തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും ഇതിൽ രണ്ട് സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്നും കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരും ചണ്ഡീഗഡിൽ നടത്തിയ യോഗത്തിൻ്റെ സമാപനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.