ജനീവ : 1984 ലെ ഇന്ത്യൻ എയർലൈൻസ് വിമാന ഹൈജാക്കിങ് ഓർത്തെടുത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജനീവയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടെയാണ് 'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' നെറ്റ്ഫ്ലിക്‌സ് വെബ് സീരിസിനെക്കുറിച്ചുയർന്ന ചോദ്യത്തിന് മറുപടി പറയവെ വിദേശകാര്യമന്ത്രി പഴയ സംഭവം ഓർത്തെടുത്തത്.
തൻ്റെ പിതാവും അതേ വിമാനത്തിൽ യാത്രക്കാരനായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഈ പ്രതിസന്ധി കൈകാര്യം ചെയ്‌ത ടീമിൽ ജയശങ്കർ ഉണ്ടായിരുന്നു. അന്ന് ചെറിയ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു താന്‍.
ഹൈജാക്കിങ് നടന്ന് 3-4 മണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് വരാനാവില്ലെന്ന് പറയാന്‍ വിളിച്ചപ്പോഴാണ് തന്‍റെ പിതാവും വിമാനത്തിലുള്ളത് അറിയുന്നത്. ഒരേ സമയം രക്ഷാപ്രവർത്തന സംഘത്തിന്‍റെയും സർക്കാരിന് മേൽ സമ്മർദം ചെലുത്തുന്ന കുടുംബങ്ങളുടെയും ഭാഗമായിരുന്നു താന്‍ അന്നെന്ന് ജയശങ്കർ ഓർത്തെടുത്തു.
അതേ സമയം സംഭവത്തെ അടിസ്ഥാനമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്‌ത നെറ്റ്ഫ്ലിക്‌സ് വെബ് സീരിസ് ഐസി 814: ദി കാണ്ഡഹാർ ഹൈജാക്കിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല. സീരിസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. താന്‍ സീരിസ് കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.