കേരളം

kerala

ETV Bharat / bharat

'ആരാണ് ചെയ്‌തതെന്ന് ഞങ്ങൾക്കറിയാം, ആര് മറച്ചുവച്ചു എന്നാണ് അറിയാത്തത്'; കച്ചത്തീവ് വിഷയത്തിൽ എസ് ജയശങ്കർ - S Jaishankar in Katchatheevu Issue - S JAISHANKAR IN KATCHATHEEVU ISSUE

കച്ചത്തീവ് ദ്വീപ് മറ്റൊരു രാജ്യത്തിന് വിട്ടുകൊടുത്ത കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത് എന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സംഭവം വിവാദമായത്.

S JAISHANKAR  KACHATHEEVU ISSUE  SREELANKA INDIA  MINSITRY OF EXTERNAL AFFAIRS
S JAISHANKAR IN KATCHATHEEVU ISSUE

By ETV Bharat Kerala Team

Published : Apr 1, 2024, 4:30 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോടെ വിവാദമായ കച്ചത്തീവ് വിഷയത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനും ഡിഎംകെയ്‌ക്കും ഒരു ഉത്തരവാദിത്തവും ഇല്ല എന്ന മട്ടിലാണ് ഇരുപാര്‍ട്ടികളും നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. കച്ചത്തീവ് എങ്ങനെ ശ്രീലങ്കയ്‌ക്ക് വിട്ട് കൊടുത്തു എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന കച്ചത്തീവ് ദ്വീപ് മറ്റൊരു രാജ്യത്തിന് വിട്ടുകൊടുത്ത കോണ്‍ഗ്രസിനെ വിശ്വസിക്കരുത് എന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സംഭവം വിവാദമായത്. കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനല്‍കിയത് ആരാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ അത് മറച്ച് വച്ചത് ആരാണെന്ന് അറിയില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

'ആരാണ് ഇത് ചെയ്‌തതെന്ന് ഞങ്ങൾക്കറിയാം. എന്നാല്‍ ആരാണ് ഇത് മറച്ചുവച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. കച്ചത്തീവ് ദ്വീപ് എങ്ങനെയാണ് ശ്രീലങ്കയ്‌ക്ക് നൽകിയതെന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. 1974-ലെ കരാര്‍ പ്രകാരം ഇന്ത്യക്കാരുടെ മത്സ്യബന്ധന അവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് പാർലമെന്‍റിൽ ഉറപ്പ് നൽകിയ ശേഷം 1976-ൽ എന്തിന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശം പോലും നിഷേധിച്ചു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്' -ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു.

1974 ലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സമുദ്രാതിർത്തി വരക്കുന്ന കരാറിൽ ഒപ്പുവയ്‌ക്കുന്നത്. സമുദ്രാതിർത്തി വരച്ചപ്പോൾ കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് നല്‍കുകയായിരുന്നു എന്നും ജയശങ്കര്‍ കൂട്ടിച്ചേർത്തു. ശ്രീലങ്കൻ അധികൃതരുമായി ചര്‍ച്ച നടത്തി അതിന് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂപ്രദേശത്തില്‍ അന്നത്തെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിമാരും കാണിച്ച നിസംഗതയാണിതെന്നും അദ്ദേഹം ആരോപിച്ചു.

അത് അവർ കാര്യമാക്കി എടുത്തില്ല എന്നതാണ് വാസ്‌തവം. 1961 മെയ് മാസത്തിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നൽകിയ ഒരു നിരീക്ഷണത്തിൽ അദ്ദേഹം എഴുതിയിരുന്നത് 'ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല എന്നാണ്. ദ്വീപിന്‍റെ മേലുള്ള ഞങ്ങളുടെ അവകാശവാദം ഉപേക്ഷിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. ഇത്തരം കാര്യങ്ങൾ അനന്തമായി നീളുന്നതും പാർലമെന്‍റിൽ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നതും എനിക്ക് ഇഷ്‌ടമല്ല' -നെഹ്‌റു പറഞ്ഞു.

കച്ചത്തീവിനെ ഒരു അധികപ്പറ്റായാണ് നെഹ്‌റു കണ്ടതെന്ന് ജയശങ്കര്‍ ആരോപിച്ചു. ഇത് എത്രയും വേഗം വിട്ടുകൊടുക്കുന്നുവോ അത്രയും നല്ലത് എന്നാണ് നെഹ്‌റു കരുതിതിയിരുന്നത്. ഈ കാഴ്‌ചപ്പാടിനെ ഇന്ദിര ഗാന്ധിയും അത് പോലെ പിന്തുടര്‍ന്നു എന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്ത്യൻ പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള ഡീഗോ ഗാർഷ്യയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. എന്നാല്‍ ഈ ചെറിയ ദ്വീപിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല എന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ജി വിശ്വനാഥൻ എന്ന പാർലമെന്‍റ് അംഗം പറഞ്ഞിരുന്നു. ഇത് ഒരു ചെറിയ പാറ മാത്രമാണ് എന്നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഐസിസി യോഗത്തിൽ ദ്വീപിനെ വിശേഷിപ്പിച്ചത് എന്നും ജയശങ്കര്‍ പറഞ്ഞു. കച്ചത്തീവിനോടുളള കോൺഗ്രസിന്‍റെ ചരിത്രപരമായ മനോഭാവം വ്യക്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 20 വർഷത്തിനിടെ 6184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിട്ടുണ്ടെന്നും 1175 ഇന്ത്യൻ മത്സ്യ ബന്ധന കപ്പലുകൾ ശ്രീലങ്ക പിടിച്ചെടുക്കുകയോ തടവിലാക്കുകയോ ചെയ്‌തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് തമിഴ്‌നാട് സർക്കാരുമായി കൂടിയാലോചിച്ചില്ലെന്നാണ് ഡിഎംകെ അവകാശപ്പെടുന്നുത്. അറിയിച്ചിരുന്നു എന്നതാണ് വസ്‌തുത. തങ്ങൾക്ക് ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തവുമില്ലെന്ന മട്ടിലാണ് കോൺഗ്രസും ഡിഎംകെയും ഈ വിഷയത്തെ സമീപിക്കുന്നതെന്നും ജയശങ്കര്‍ ആരോപിച്ചു.

അതിനിടെ കച്ചത്തീവ് വിഷയത്തില്‍ ഡിഎംകെക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി വീണ്ടും രംഗത്ത് വന്നു. തമിഴ്‌നാടിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഡിഎംകെ ഒന്നും ചെയ്‌തിട്ടില്ലെന്ന് മോദി വിമര്‍ശിച്ചു. കച്ചത്തീവ് വിഷയത്തിൽ പുറത്തുവരുന്ന പുതിയ വിശദാംശങ്ങൾ ഡിഎംകെയുടെ ഇരട്ടത്താപ്പിനെ പുറത്ത് കൊണ്ടുവരുന്നതാണെന്നും മോദി പറഞ്ഞു. കോൺഗ്രസും ഡിഎംകെയും കുടുംബ യൂണിറ്റുകളാണ്. അവരുടെ ആണ്‍ മക്കളെയും പെൺമക്കളെയും ഉയർത്തിക്കൊണ്ടുവരാൻ മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്. മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. കച്ചത്തീവ് വിഷയത്തിലെ അവരുടെ നിസംഗത നമ്മുടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങളെ ഹനിച്ചു എന്നും മോദി എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.

Also Read :ശ്രീലങ്കയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ; തുറമുഖ വികസനത്തിന് 61.5 മില്യൺ ഡോളർ ധനസഹായം നല്‍കും

ABOUT THE AUTHOR

...view details