ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുതുതായി ചുമതലയേറ്റ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയും റോക്കറ്റ് ശാസ്‌ത്രജ്ഞനുമായ വി നാരായണന്‍ നിരവധി വിഷയങ്ങളെക്കുറിച്ച് ഇടിവി ഭാരത് പ്രതിനിധി അനുഭ ജെയിനുമായി ബെംഗളുരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് വച്ച് സംസാരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്‍റെ സ്പെയ്‌സ് ഡോക്കിങ് അടക്കം നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഐഎസ്‌ആര്‍ഒ കൂടുതല്‍ ദൗത്യങ്ങളിലേക്ക് ഭാവിയില്‍ കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗഗന്‍യാന്‍, ചന്ദ്രയാന്‍ 4 ദൗത്യങ്ങള്‍ 2026, 2027 വര്‍ഷങ്ങളില്‍ ഉണ്ടാകും.
ഇതിനൊപ്പം ശുക്രന്‍, ചൊവ്വ പര്യവേഷണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണ്. ബഹിരാകാശ രംഗത്തെ മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളും ഐഎസ്‌ആര്‍ഒയുടെ പുത്തന്‍ ദൗത്യങ്ങളെക്കുറിച്ചും വിഷന്‍ 2025നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബഹിരാകാശത്ത് ഇന്ത്യയുടെ സാന്നിധ്യം തുടരുമെന്നും അതിനുള്ള തന്ത്രപരമായ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങളിലേക്ക്
അനുഭ ജെയിന്‍: ഐഎസ്‌ആര്‍ഒയുടെ വിക്ഷേപണ വാഹന സാങ്കേതികതയില്‍ എന്തൊക്കെ മെച്ചങ്ങളാകും നമുക്ക് പ്രതീക്ഷിക്കാനാകുക? പ്രത്യേകിച്ച് പുതുതലമുറ വിക്ഷേപണ വാഹനങ്ങളില്‍?
വി നാരായണന്‍: 1979ല്‍ എസ്‌എല്‍വി 3 രംഗത്ത് ഇറക്കിയത് മുതല്‍ ഐഎസ്‌ആര്‍ഒ വിക്ഷേപണ വാഹന വികസനത്തില്‍ നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ട്. എസ്‌എല്‍വി 3 നാനൂറ് കിലോഗ്രാം ഭാരം വഹിച്ച് ഭൂമിയുടെ താഴെത്തട്ടിലുള്ള ഭ്രമണപഥ(LEO)ത്തിലെത്തിക്കാന്‍ സാധിച്ചു.
അവിടുന്നിങ്ങോട്ട് ആറ് തലമുറയില്‍പെട്ട വിക്ഷേപണ വാഹനങ്ങള്‍ ഇന്ത്യ വികസിപ്പിച്ചു. എസ്‌എല്‍വി 3, എഎസ്‌എല്‍വി, പിഎസ്‌എല്‍വി, ജിഎസ്‌എല്‍വി എംകെ സെക്കന്‍റ്, ജിസിഎസ്‌എല്‍വി എംകെ തേഡ്, എസ്‌എസ്എല്‍വി തുടങ്ങിയവ ഇതില്‍ പെടുന്നു.
നൂറാമത്തെ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒ നിര്‍ണായക നാഴികകല്ലായ ഭാരവാഹക ശേഷി കൂടി കൈവരിച്ചിരിക്കുന്നു. 8500 കിലോയാണ് ഏറ്റവും ഒടുവില്‍ ഐഎസ്‌ആര്‍ഓയുടെ വിക്ഷേപണ വാഹനത്തിന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കാനായത്.
നിലവില്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന പുതുതലമുറ വിക്ഷേപണ വാഹനത്തിന് മുപ്പതിനായിരം കിലോ ഭാരം ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷിയുണ്ട്. ആദ്യവിക്ഷേപണ വാഹനമായ എസ്‌എല്‍വി 3യില്‍ നിന്ന് ആയിരം മടങ്ങ് വര്‍ധനവാണ് ഉള്ളത്. ഈ ആയിരം ടണ്‍ ഉയര്‍ത്തല്‍ ഭാരമുള്ള വാഹനത്തിന് 93 മീറ്റര്‍ നീളവും മൂന്ന് ഘട്ടങ്ങളുള്ള നിരവധി സവിശേഷതകളുമുണ്ട്.
190 ടണ്‍ വീതം ഭാരമുള്ള പ്രൊപ്പലന്‍റുകളോട് കൂടിയ രണ്ട് ഖര ബൂസ്റ്ററുകളും ഇവയ്ക്കുണ്ട്. ആദ്യഘട്ടത്തില്‍ ഒന്‍പത് എന്‍ജിനുകളാണ് ഇവയുടെ പ്രവര്‍ത്തനത്തിന് വേണ്ടത്. ഓരോ എന്‍ജിനുകളും 110 ടണ്‍ ശേഷിയുണ്ട്, ഇതിന് 475 ടണ്‍ ഭാരത്തെ വഹിക്കാനാകും. രണ്ടാംഘട്ടത്തില്‍ രണ്ട് എന്‍ജിനുകളാണുള്ളത്. മുകളിലുള്ള സി32 ക്രയോജനിക് ഘട്ടം ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനും ഇന്ധനമായി ഉപയോഗിക്കും.
ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ പരീക്ഷണ ശേഷിയില്‍ ഒരു നിര്‍ണായക നേട്ടം കൈവരിക്കും. മുന്‍ വിക്ഷേപണ വാഹനങ്ങളെ പോലെ ഇവ ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്നവയല്ല. മറിച്ച് ഉപയോഗിച്ച ശേഷം തിരികെ എടുത്ത് വീണ്ടും ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത. പുനരുപയോഗം, ചെലവ് ചുരുക്കല്‍, ബഹിരാകാശ ദൗത്യങ്ങളിലെ സുസ്ഥിരത എന്നിവയാണ് പുതുതലമുറ വിക്ഷേപണ വാഹനങ്ങളുടെ സവിശേഷത.
അനുഭ ജെയിന്‍: 2026ല്‍ ഗഗന്‍യാന്‍, 2027ല്‍ ചന്ദ്രയാന്‍ 4 തുടങ്ങി ഐഎസ്‌ആര്‍ഒയ്ക്ക് ഭാവിയിലേക്ക് ചില നിര്‍ണായക പദ്ധതികളുണ്ട്. ഈ പദ്ധതികള്‍ ഇന്ത്യയെ ബഹിരാകാശ പരീക്ഷണങ്ങളുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ്. മനുഷ്യ ബഹിരാകാശ ദൗത്യം, ഗ്രഹാന്തര ദൗത്യഗവേഷണങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ എവിടെ വരെയെത്തി? ഈ ദൗത്യങ്ങള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
വി നാരായണന്‍:ഗഗന്‍യായന്‍ ദൗത്യത്തിലൂടെ മൂന്ന് ബഹിരാകാശ യാത്രികരെ ഭൂമിയുടെ നാനൂറ് കിലോമീറ്റര്‍ അകലെയുള്ള ഏറ്റവും താഴത്തെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്‍വിഎം 3 (എച്ച്എല്‍വിഎം3) വാഹനമാണ് ഉപയോഗിക്കുന്നത്. ഘടനാപരമായി ഏറെ സവിശേഷതകളുള്ള ഈ വാഹനത്തിന് ഊഷ്‌മാവ് നിയന്ത്രണ സംവിധാനങ്ങളുമുണ്ട്.
ഏറെ വിശ്വാസ യോഗ്യവുമാണ് ഈ വാഹനം. തത്സമയ വാഹന ആരോഗ്യ നിരീക്ഷണ സംവിധാനവും ഇതിനുണ്ടാകും. ഇതിന് പുറമെ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഭ്രമണപഥ മൊഡ്യൂള്‍ സംവിധാനവും ഉണ്ടാകും.
ഈ വാഹനം ആദ്യം യാത്രികരെ 170 കിലോമീറ്റര്‍ വരെ മുകളിലെത്തിക്കും. പിന്നീട് നാനൂറ് കിലോമീറ്ററിനപ്പുറമുള്ള ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്തിയ ശേഷമാകും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക.
സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. തിരികെ ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതിവേഗം കുറച്ച് കൊണ്ട് വരുന്നതും ഈ സംവിധാനത്തിലൂടെയാണ്. തുടര്‍ന്ന് പാരച്യൂട്ടിലൂടെയാകും ലാന്‍ഡിങ്. ആഗ്രയിലെ ഡിആര്‍ഡിഓയുടെ സഹകരണത്തോടെയാണ് ഈ പാരച്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്.
മനുഷ്യ ദൗത്യത്തിന് മുന്‍പ് രണ്ട് മൂന്ന് മനുഷ്യ രഹിത ദൗത്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. ഒരെണ്ണം ഇക്കൊല്ലം തന്നെ ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തും. വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ മനുഷ്യ ദൗത്യത്തിലേക്ക് കടക്കൂ. യാത്രികര്‍ കഠിനമായ ശാരീരിക പരിശീലനത്തിലൂടെ കടന്ന് പോകുകയാണ്. ഉപകരണങ്ങളും ദൗത്യത്തിന് തയാറാണോയെന്ന് പരിശോധിച്ച് വരുന്നു.
ഐഎസ്‌ആര്‍ഒയുടെ ചാന്ദ്ര ദൗത്യത്തിലേക്ക് വന്നാല്‍, ചന്ദ്രയാന്‍ 3 മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ലാന്‍ഡ് ചെയ്‌ത ശേഷം ഉപരിതലത്തിലെ ധാതുക്കളെയും തെര്‍മല്‍ ഗ്രേഡിയന്‍സിനെയും ഇലക്‌ട്രോണ്‍ ക്ലൗഡുകളെക്കുറിച്ചും ഭൗമപ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ നല്‍കി. ചന്ദ്രയാന്‍ 4 ഈ രംഗത്ത് വലിയതോതിലുള്ള നേട്ടം ഉണ്ടാകും. ഇത് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുക മാത്രമല്ല മറിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും.
ചന്ദ്രയാന്‍ 4, 9200 കിലോഭാരമുള്ള ഒരു ഉപഗ്രഹമാണ്. ചന്ദ്രയാന്‍ 3ന്‍റെ 4000 കിലോഗ്രാമില്‍ നിന്ന് നിര്‍ണായകമായ ഒരു വര്‍ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. വലുപ്പ കൂടുതല്‍ കൊണ്ട് തന്നെ രണ്ട് മാര്‍ക്ക് 3 റോക്കറ്റുകള്‍ ഉപയോഗിച്ചാകും വിക്ഷേപണം. അഞ്ച് മൊഡ്യൂളുകളും രണ്ട് സ്റ്റാക്കുകളും ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഈ മൊഡ്യൂളുകള്‍ ഭൂമിയുെട ഭ്രമണപഥത്തിലെത്തിക്കും. ഇവിടെ വച്ച് പ്രൊപ്പല്‍ഷന്‍ സംവിധാനം വേര്‍പെടും. നാല് മൊഡ്യൂളുകളാകും ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തുക. രണ്ടെണ്ണം ക്രമേണ ചന്ദ്രോപരിതലത്തിലിറങ്ങും. സാമ്പിള്‍ റിട്ടേണ്‍ മൊഡ്യൂള്‍ മാത്രം ഭൂമിയിലേക്ക് തിരികെ വരും. മറ്റ് രണ്ട് മൊഡ്യൂളുകളും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ നിലയുറപ്പിക്കും.
അനുഭ ജെയിന്‍:മനുഷ്യ ദൗത്യത്തിന്‍റെ വിജയത്തിനും സുരക്ഷയ്ക്കുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു?
വി നാരായണന്‍: ഉയര്‍ന്ന പ്രവേഗമുള്ള ഒരു വസ്‌തു ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഇത് വലിയ താപനില പുറത്ത് വിടും. ഇത് നേരിടാന്‍ ഐഎസ്‌ആര്‍ഒ മെച്ചപ്പെട്ട തെര്‍മല്‍ സംരക്ഷണ സംവിധാനം ഉപയോഗിച്ച് സുരക്ഷിത പുനഃപ്രവേശനം ഉറപ്പാക്കും. അവസാന ഘട്ടത്തില്‍ ബഹിരാകാശ വാഹനം വേഗത കുറച്ച് നിയന്ത്രിത പ്രവേഗത്തോടെ പാരച്യൂട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ ലാന്‍ഡിങ് ഉറപ്പാക്കും.
അനുഭ ജെയിന്‍: ഐഎസ്‌ആര്‍ഒ നിര്‍ണായകമായ സ്‌പെയിസ്‌ഡെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമായിരുന്നു ഇത്. ഭാവി ദൗത്യങ്ങളെ ഇവ എങ്ങനെ സ്വാധീനിച്ചു?
വി. നാരായണന്‍:2025 ജനുവരി പതിനാറിന് ഇന്ത്യ വിജയകരമായി ഉപഗ്രഹ ഡോക്കിങ് സംവിധാനം നടപ്പാക്കുന്ന നാലാമത്തെ രാജ്യമായി മാറി. സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് 20 കിലോ ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ 11, 12 കിലോമീറ്റര്‍ അകലേയ്ക്ക് വേര്‍തിരിച്ചത്. പിന്നീട് നിയന്ത്രിച്ച് ഒന്നിച്ച് ചേര്‍ത്തു. ഈ ഡോക്കിങ് അണ്‍ഡോക്കിങ് സംവിധാനം നടന്ന് വരുന്നു. രണ്ട് ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഏകസംവിധാനമായി പ്രവര്‍ത്തിക്കുന്നു. പവര്‍ ട്രാന്‍സ്‌ഫര്‍ ഉടന്‍ തുടങ്ങും. നിരവധി ഡോക്കിങിന് ശേഷം നിരവധി വിവരങ്ങള്‍ ഭാവി പരിശോധനയ്ക്ക് വേണ്ടി ശേഖരിക്കും.
2025 മാര്‍ച്ച് മുതല്‍ നിരവധി പരീക്ഷണ പരമ്പരകള്‍ നടത്തും. അഞ്ച് മൊഡ്യൂള്‍ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി തേടും. ആദ്യ മൊഡ്യൂള്‍ 2028ല്‍ വിക്ഷേപിക്കും.
അനുഭ ജെയിന്‍: സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് ഐഎസ്‌ആര്‍ഒ വാതില്‍ തുറന്ന് നല്‍കിയിരിക്കുന്നു. ഉപഗ്രഹ നിര്‍മ്മാണം, വിക്ഷേപണ സേവനങ്ങള്‍, ബഹിരാകാശ സാങ്കേതികത തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കാനാണ് ഇത്. ഐഎസ്‌ആര്‍ഒയുടെ പദ്ധതികളിലും ദൗത്യങ്ങളിലും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തെ എങ്ങനെയാണ് കാണുന്നത്.?
വി നാരായണന്‍: ഇന്ത്യയ്ക്ക് നിലവില്‍ ഭ്രമണപഥത്തില്‍ 131 ഉപഗ്രഹങ്ങളുണ്ട്. ഇതില്‍ 56 എണ്ണം രാഷ്‌ട്രത്തിന് വേണ്ടിയുള്ള സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വാര്‍ത്താവിതരണം, യാത്ര, തത്സമയ ട്രെയിന്‍-കപ്പല്‍ സേവന വിവരങ്ങള്‍, അതിര്‍ത്തി നിരീക്ഷണം, കാര്‍ഷികാവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപഗ്രഹാവശ്യങ്ങള്‍ വര്‍ധിച്ച് വരുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ ഉപഗ്രഹങ്ങള്‍ നമുക്കാവശ്യമാണ്. ഐഎസ്‌ആര്‍ഒയ്ക്ക് മതിയായ മനുഷ്യവിഭവ ശേഷിയില്ലാത്തതിനാല്‍ ഈ ദൗത്യം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നു.