ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതി കേസുമായി (Excise Policy Scam) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്‌റ്റിലായി മണിക്കൂറുകൾക്ക് ശേഷം, ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസി കെ കവിതയെ ശനിയാഴ്‌ച (16-03-2024) ദേശീയ തലസ്ഥാനത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസിലേക്ക് കൊണ്ടുവന്നു. ബിആർഎസ് സ്ഥാപകനും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിതയെ ഹൈദരാബാദിലെ വസതിയിൽ നടന്ന റെയ്‌ഡിന് ശേഷം ഒരു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം കവിതയെ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, 2002 ലെ വ്യവസ്ഥ പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റകൃത്യത്തിൽ അവർ പങ്കാളിയാണ് എന്ന് അറസ്‌റ്റ് ഉത്തരവിൽ, ഇ ഡി അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (2003ലെ 915) സെക്ഷൻ 19 ലെ ഉപവകുപ്പ് (1) പ്രകാരം കവിതയെ വെള്ളിയാഴ്‌ച വൈകുന്നേരം 05.20 ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു എന്നും ഇഡി വ്യക്തമാക്കി. 15-03-2024 ൽ, അറസ്‌റ്റിനുള്ള കാരണങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്. അറസ്‌റ്റ് ചെയ്യാനുള്ള കാരണത്തിന്‍റെ (14 പേജുകൾ അടങ്ങിയ) ഒരു പകർപ്പ് അവർക്ക് നൽകിയിട്ടുണ്ടെന്നും ഓഫിസർ കൂട്ടിച്ചേർത്തു.
45 കാരിയായ ബിആർഎസ് എംഎൽസിക്ക് ഇഡി സമൻസ് അയച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നടപടിയുണ്ടാകുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേന്ദ്ര ഏജൻസി അവരുടെ മൊഴി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ വർഷം ഈ കേസിൽ അവരെ മൂന്ന് തവണ ചോദ്യം ചെയ്‌തിരുന്നു.