ന്യൂഡല്‍ഹി: എല്ലാവരുടെയും പ്രതീക്ഷകള്‍ക്കും രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്കും വേണ്ടി ഭരണഘടന നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന രാജ്യത്തിൻ്റെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റിയെന്നും ജനങ്ങൾക്ക് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനദിനാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വലിയ മാറ്റത്തിലൂടെ കടന്ന് പോകുകയാണ്. അതിനുള്ള പാത കാട്ടിത്തരുന്നത് ഭരണഘടനയാണ്. ഭരണഘടനയുടെ കരുത്ത് കൊണ്ട് തന്നെയാണ് ബാബാ സാഹേബിന്‍റെ ഭരണഘടന പൂര്‍ണമായും ജമ്മു കശ്‌മീരില്‍ നടപ്പാക്കാനായത്. ചരിത്രത്തിലാദ്യമായി ജമ്മുകശ്‌മീരിനും ഇന്ന് ഭരണഘടനാദിനം ആചരിക്കാനായി. നമ്മെ നയിക്കുന്ന മാര്‍ഗദീപമാണ് ഭരണഘടന.
ഭരണഘടന കേവലം നിയമജ്ഞര്‍ക്കുള്ള ഒരു രേഖയല്ലെന്നാണ് ഭരണഘടന നിര്‍മാണ സമിതിയില്‍ ബാബാ സാഹേബ് അംബേദ്ക്കര്‍ പറഞ്ഞത്. ഇതിന്‍റെ ആത്മാവ് എല്ലാ കാലത്തിന്‍റെയും ആത്മാവാകണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്.
ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരസംഘടനകള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇതേ ദിവസം നടന്ന മുംബൈ ഭീകരാക്രമണത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 75ാം വാര്‍ഷിക വേളയാണിത്. രാജ്യത്തിന്‍റെ അഭിമാന മുഹൂര്‍ത്തം. താന്‍ ഭരണഘടനയെയും ഭരണഘടന നിര്‍മാണ സമിതിയിലുണ്ടായിരുന്ന എല്ലാവരെയും വണങ്ങുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതേ ദിവസം തന്നെയാണ് മുംബൈ ഭീകരാക്രമണം നടന്നത് എന്നതും മറന്ന് കൂടാ. ആ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട എല്ലാവര്‍ക്കും ആദരം അര്‍പ്പിക്കുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്നയാള്‍ വരച്ച ചിത്രം ഭരണഘടനാ ദിനാഘോഷ വേദിയില്‍ വച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടും പ്രധാനമന്ത്രി ചടങ്ങില്‍ പ്രകാശിപ്പിച്ചു.