പാനിപ്പത്ത്:ഒരൊറ്റ വാർത്തയിലൂടെ ദാരിദ്ര്യത്തോട് മല്ലിട്ട് ജീവിച്ച യുവാവിന്‍റെ ജീവിതം മാറ്റിമറിച്ച് ഇടിവി ഭാരത് (ETV Bharat Impact). ഹരിയാനയിലെ പാനിപ്പത്തിൽ ബുവാന ലഖു ഗ്രാമവാസിയായ ടൈസൺ എന്ന ബോക്‌സർ മോനുവിനെയാണ് ഇടിവി ഭാരത് വാർത്തയിലൂടെ സൗഭാഗ്യം തേടിയെത്തിയത്. ദാരിദ്ര്യത്തോട് പോരടിച്ചു മോനു ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ ബോക്‌സിങ് റിങ്ങിൽ പോരാടാനൊരുങ്ങുകയാണ് (ETV Bharat changed life of Panipat Boxer Monu).
ദാരിദ്ര്യത്തോട് മല്ലിട്ട് ജീവിച്ച ബോക്‌സിങ് താരമായിരുന്നു മോനു. വീട്ടിലെ ദാരിദ്ര്യത്തിനിടയിലും രാജ്യത്തിനുവേണ്ടി ഒളിമ്പിക് മെഡൽ നേടണമെന്ന അടങ്ങാത്ത ആവേശമാണ് മോനുവിനെ മുന്നോട്ട് നയിച്ചത്. വിശപ്പിന്‍റെ വിളി വകവയ്‌ക്കാതെ വെറും വയറ്റിലാണ് പല ദിവസങ്ങളിലും മോനു ബോക്‌സിങ് പരിശീലിച്ചിരുന്നത്.
മോനുവിന്‍റെ ബോക്‌സിങ് പാടവവും വീട്ടിലെ അവസ്ഥയും മനസിലാക്കിയ നാട്ടുകാരാണ് പലപ്പോഴും അവനുവേണ്ട ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നത്. അവൻ്റെ കഴിവും ബോക്‌സിങ്ങിനോടുള്ള താൽപര്യവും കണ്ട് പരിശീലകനും അവനെ കയ്യയച്ച് സഹായിച്ചുപോന്നു. അതിനിടെയാണ് 2021 സെപ്റ്റംബറിൽ ദാരിദ്ര്യത്തോട് മല്ലിടുന്ന മോനുവിനെപ്പറ്റിയുള്ള വാര്‍ത്ത ഇടിവി ഭാരത് പ്രസിദ്ധീകരിച്ചത്.
വാർത്തയിലൂടെ സഹായവർഷം:വാർത്ത ജനശ്രദ്ധ നേടിയതോടെ മോനുവിന് പല കോണുകളിൽ നിന്ന് സഹായങ്ങൾ ലഭിച്ചു. വാർത്ത പ്രസിദ്ധീകരിക്കപ്പെട്ട സെപ്റ്റംബറിൽ തന്നെ ഹരിയാനയിലെ ഫൗജി ഭായിചാര എന്ന സൈനികരുടെ കൂട്ടായ്‌മ മോനുവിനെ സഹായിക്കാനെത്തി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികളെയും കായിക താരങ്ങളെയും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന കൂട്ടായ്‌മയാണ് ഫൗജി ഭായിചാര. വാർത്ത ശ്രദ്ധയിൽപ്പെട്ട കൂട്ടായ്‌മയിലെ അംഗമായ സച്ചിനാണ് മോനുവിന് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയത്.