ന്യൂഡൽഹി : 2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകൾ (electoral bonds) വഴി ലഭിച്ചത് ഏകദേശം 1300 കോടി രൂപയാണെന്ന് റിപ്പോർട്ട്. ഇതേ കാലയളവിൽ കോൺഗ്രസിന് ലഭിച്ച തുകയുടെ ഏഴിരട്ടിയാണ് ബിജെപിക്ക് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് വാർഷിക സംഭാവന റിപ്പോർട്ട് പങ്കിട്ടത്.
2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. അതിൽ 61 ശതമാനവും ലഭിച്ചത് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെയായിരുന്നു. കോൺഗ്രസിന് കഴിഞ്ഞ സാമ്പത്തികവർഷം തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിച്ചത് 171 കോടി രൂപയാണ്. വിറ്റഴിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 6.11 ശതമാനമാണിത്.
ബോണ്ടുകൾക്ക് പുറമേ സംഘടനകൾ, പാർട്ടി അംഗങ്ങൾ, വ്യക്തികൾ, തുടങ്ങി വിവിധ സ്രോതസ്സുകളിലൂടെ കോൺഗ്രസിന് 80 കോടി രൂപ സംഭാവനയായി ലഭിച്ചു. ബിജെപിക്ക് ഈ ഇനത്തിൽ ലഭിച്ചത് 720 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 1917 കോടി രൂപയായിരുന്ന ബിജെപിയുടെ മൊത്ത വരുമാനം 2022-23ൽ 2360.8 കോടി രൂപയായി.