ജൽന: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശിവസേനയില്‍ ചേര്‍ന്നത് റദ്ദാക്കി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. കേസിലെ പ്രതിയായ ശ്രീകാന്ത് പൻഗാർക്കർ ആണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ കഴിഞ്ഞ ദിവസം ചേർന്നത്. ഷിൻഡെ വിഭാഗം ശിവസേന നേതാവും മുൻ മന്ത്രിയുമായ അർജുൻ ഖോട്‌കറുടെ സാന്നിധ്യത്തില്‍ കൂടിയായിരുന്നു അദ്ദേഹം ശിവസേന അംഗത്വം സ്വീകരിച്ചത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജൽന നിയമസഭാ മണ്ഡലത്തില്‍ നിന്നും പൻഗാർക്കർ മത്സരിക്കണമെന്ന് ഖോട്‌കര്‍ ആവശ്യപ്പെട്ടിരുന്നു. പൻഗാർക്കർ ഒരു മുൻ ശിവസേന പ്രവര്‍ത്തകനാണെന്നും അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയെന്നും അർജുൻ ഖോട്‌കര്‍ വ്യക്തമാക്കി. ജൽന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലവനായി അദ്ദേഹത്തെ നാമനിർദേശം ചെയ്‌തെന്നും ഖോട്‌കര്‍ കൂട്ടിച്ചേര്‍ത്തു.
പൻഗാര്‍ക്കറെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ഷിൻഡെ:
എന്നാല്‍, വ്യാപക പ്രതിഷേധത്തിന് പിന്നാലെ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ പൻഗാര്‍ക്കര്‍ ശിവസേനയില്‍ ചേര്‍ന്ന നടപടി റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ രംഗത്തെത്തി. പൻഗാര്‍ക്കറിന് ഏതെങ്കിലും പാർട്ടി പദവി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുന്നുവെന്നാണ് ഷിൻഡെ വിഭാഗം ശിവസേന അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമോ എന്ന് ഭയന്നാണ് പൻഗാര്‍ക്കറിന്‍റെ അംഗത്വം റദ്ദാക്കിയത്.
2017 സെപ്റ്റംബർ അഞ്ചിനാണ് കർണാടകയിലെ ബെംഗളൂരുവിലെ വീടിന് പുറത്ത് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്രയിലെ ഏജൻസികളുടെ സഹായത്തോടെ കർണാടകയിലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്ത് പൻഗാർക്കർ അടക്കം നിരവധി പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. 2001 നും 2006 നും ഇടയിൽ അവിഭക്ത ശിവസേനയുടെ ജൽന മുനിസിപ്പൽ കൗൺസിലറായ പൻഗാർക്കർ 2018 ഓഗസ്‌റ്റിലാണ് ഗൗരി ലങ്കേഷേ് വധക്കേസില്‍ അറസ്‌റ്റിലായത്. ഈ വർഷം സെപ്റ്റംബർ 4 ന് കർണാടക ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
2011 ൽ ശിവസേന ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പൻഗാർക്കർ വലതുപക്ഷ ഹിന്ദു ജൻജാഗൃതി സമിതിയിൽ ചേർന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് വീണ്ടും ഷിൻഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നത്. എന്നാല്‍ ജനരോഷത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പൻഗാര്‍ക്കറെ പുറത്താക്കുകയായിരുന്നു. നവംബർ 20 നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 26 നാണ് അവസാനിക്കുക.
മതവാദികളും തീവ്ര ഹിന്ദുത്വവും ചേര്‍ന്ന് കൊലപ്പെടുത്തിയ ഗൗരി ലങ്കേഷ്: