ഹൈദരാബാദ് : കാലത്തിനൊപ്പം മാറിക്കൊണ്ട് പുതുമ കൊണ്ടുവരുന്ന തെലുഗു പത്ര പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത് 'ഈനാടു' പത്രം ആണ്. 4,500 കോപ്പികൾ മാത്രം വിറ്റഴിച്ചു തുടങ്ങിയ പത്രം 13 ലക്ഷത്തിലധികം കോപ്പികൾ വിറ്റുകൊണ്ട് ഇന്ന് തെലുഗു ഭാഷയിലെ നമ്പർ വൺ ദിനപത്രമായി മാറിയിരിക്കുകയാണ്. തലമുറ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് പുതിയ ആശയങ്ങളുമായി മുന്നോട്ടുപോകുന്ന ഈനാടു മാധ്യമ ലോകത്ത് യാത്ര ആരംഭിച്ചിട്ട് വരുന്ന ആഗസ്റ്റ് 10 നേക്ക് 50 വർഷം പൂർത്തിയാകും.
ഈനാടുവിന്‍റെ തുടക്കം :1974 ആഗസ്റ്റ് 10ന് വിശാഖപട്ടണത്തെ സീതാമധാര എന്ന പ്രദേശത്താണ് ഈനാടു ആരംഭിക്കുന്നത്. റാമോജി ഫിലിം സിറ്റി സ്ഥാപകൻ കൂടിയായ അന്തരിച്ച റാമോജി റാവുവാണ് ഈനാടുവിന് പിന്നിൽ. ഒരു പ്രാദേശിക പത്രമായി പ്രയാണമാരംഭിച്ച ഈനാടുവിന്‍റെ വളർച്ച വളരെ പെട്ടന്നായിരുന്നു. അതിവേഗം പ്രചാരത്തിലെത്തിയ പത്രം, ഇപ്പോൾ അഭിമാനത്തോടെ അതിന്‍റെ സുവർണ ജൂബിലിയിലേക്ക് കടക്കുകയാണ്.
ഈനാടു വരുന്നതിന് മുമ്പ് തെലുഗു മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയത് ആന്ധ്രാപ്രഭ ആയിരുന്നു. അക്കാലത്ത് തെലുഗു പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നത് വിജയവാഡയിലായിരുന്നു. അവിടെ നിന്നും പത്രങ്ങൾ ട്രെയിൻ വഴിയാണ് വിശാഖപട്ടണത്തേക്ക് എത്തിയത്. ഇത് വായനക്കാരുടെ കൈകളിൽ എത്തുമ്പോഴേക്കും ഉച്ചയോടടുക്കും. ഉച്ചവരെ മറ്റൊരു പത്രവും വായിക്കാനാകാത്ത വടക്കൻ ആന്ധ്രയിൽ എന്തുകൊണ്ട് തനിക്കൊരു പത്രം ആരംഭിച്ചുകൂടാ എന്ന റാമോജി റാവുവിന്‍റെ ചിന്തയിലാണ് ഈനാടു പിറവി കൊണ്ടത്.