ന്യൂഡൽഹി:കള്ളപ്പണ കേസിൽകോൺഗ്രസ് എംപി കാർത്തി ചിദംബരം അടക്കമുള്ള പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച പുതിയ കുറ്റപത്രത്തില്‍ ഉത്തരവ് പറയാൻ മാറ്റിവച്ചു. 2011ൽ ഏതാനും ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട ചൈനീസ് വിസ കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി റോസ് അവന്യൂ കോടതിയുടെ നടപടി. മാർച്ച് 16-ലേക്കാണ് കേസ് മാറ്റിവച്ചത്.
കാർത്തി ചിദംബരത്തിന് പുറമെ, അദ്ദേഹത്തിൻ്റെ അടുത്ത അനുയായിയായ എസ് ഭാസ്‌കരരാമനെയും മറ്റ് ചിലരെയും ഇഡി പുതിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ സീറ്റിൽ നിന്നുള്ള ലോക്‌സഭ എംപിയാണ് 52 കാരനായ കാർത്തി ചിദംബരം. കേസിൽ ഇതിനോടകം നിരവധി തവണ കാർത്തിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കേസിൽ കാർത്തി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണ്. ഹർജിയില്‍ കാർത്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രതികൾക്കെതിരെ വസ്‌തുതകളൊന്നുമില്ലെന്ന് വാദിച്ചു. കാർത്തി ചിദംബരത്തിന് പണം നൽകിയതായി ആരോപണങ്ങളില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ല. പണമില്ലെങ്കിൽ വെളുപ്പിക്കാനാവില്ല. എന്നിട്ടും അവർ കേസ് രജിസ്‌റ്റർ ചെയ്‌തു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കപിൽ സിബൽ വാദിച്ചിരുന്നു.