ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീം കോടതിക്ക് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങളാണ് കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഷ്‌ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച കണക്കുകളാണിതെന്നും കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്‍റെ വെബ്സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ്(EC reveals Electoral Bonds details).
2017-18 മുതല്‍ 2023-2024 വരെ ബിജെപിക്ക് ആകെ 6987.40 കോടി രൂപ ലഭിച്ചു. 2019-20ലാണ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിഞ്ഞത്. അക്കൊല്ലം ബോണ്ടുകള്‍ വിറ്റഴിച്ചതിലൂടെ ബിജെപിക്ക് ലഭിച്ചത് 2555 കോടി രൂപയാണെന്നും കമ്മിഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു (Bjp).
തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിച്ചത് 1,397 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിച്ച പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസാണ്(Congress). കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ആകെ 1,334.35 കോടി രൂപ മാത്രമേ സമാഹരിക്കാനായിട്ടുള്ളൂ. ബിആര്‍എസ് ആണ് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചതില്‍ നാലാം സ്ഥാനത്തുള്ളത്. 1322 കോടി രൂപയാണ് ബിആര്‍എസിന് കിട്ടിയത്. ബിജെഡിക്ക് 944.5 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 442.8 കോടിയും ടിഡിപി 181.35 കോടിയും സമാഹരിച്ചെന്നും കമ്മിഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു (Trinamool congress).