ന്യൂഡല്‍ഹി :ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളും വിവിപാറ്റിലെ സ്ലിപ്പുകളും തമ്മില്‍ എണ്ണി തിട്ടപ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ആശങ്കകള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പരിശുദ്ധമായിരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനായി എത്ര മെഷീനുകള്‍ നല്‍കിയിട്ടുണ്ട്, അട്ടിമറി സാധ്യതകള്‍ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടോ, സ്ഥാനാര്‍ഥികള്‍ക്ക് ഇവ എപ്പോള്‍ പരിശോധിക്കാം, ചിപ്പുകളിലെ മാറ്റങ്ങള്‍, വിവരങ്ങള്‍ വീണ്ടെടുക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനിന്ദര്‍ സിങ്ങിനോട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ മിശ്രയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇവയെല്ലാം തന്നെ നേരത്തെ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ ഇതേ കോടതി തന്നെ പരിശോധിച്ചതാണെന്നും സിങ് ബോധിപ്പിച്ചു. കാസര്‍കോട്ട് മോക്ക് പോളില്‍ വിവിപാറ്റുകളില്‍ അന്തരം ഉണ്ടായത് സംബന്ധിച്ച വാര്‍ത്ത അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കാസര്‍കോട്ട് വിവിപാറ്റ് പരിശോധനയില്‍ ബിജെപിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചിരുന്നു. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ച വാര്‍ത്ത ശരിയല്ലെന്ന് ഉച്ചഭക്ഷണത്തിന് ശേഷം കോടതി കൂടിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.
ഇതോടെ എല്ലാക്കാര്യങ്ങളിലും ഇങ്ങനെ സംശയാലുവാകരുതെന്ന് കോടതി ഭൂഷണ് താക്കീത് നല്‍കി. കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അമിത സംശയത്തിന്‍റെ ആവശ്യകത ഇല്ലെന്നും കോടതി നിരീക്ഷിച്ചു.