ന്യൂഡല്‍ഹി: ദീപാവലി, ഛഠ് പൂജ ഉള്‍പ്പെടെയുള്ള അവധികള്‍ കണക്കിലെടുത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ തിരക്ക് ഒഴിവാക്കാൻ സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. തിരക്ക് മൂലം ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയത്. ദീപാവലിക്ക് മുമ്പും ശേഷവുമുള്ള തിരക്ക് ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനുമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.
- ഒരു മണിക്കൂര്‍ മുമ്പ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തണം
ട്രെയിൻ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും അതത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്നാണ് പ്രധാന നിര്‍ദേശം. അവസാന മിനിറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ യാത്രക്കാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനായി ട്രെയിൻ യാത്രക്കാർ അതിനനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തണമെന്നും പുതിയ നിയന്ത്രണങ്ങൾ പാലിക്കാൻ അഭ്യർഥിക്കുന്നുവെന്നും വെസ്‌റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ വിനീത് അഭിഷേക് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് നിയന്ത്രണം
സുഗമമായ യാത്ര ഉറപ്പാക്കാൻ റെയില്‍വേ സ്‌റ്റേഷനുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കില്‍ നിന്നോ റെയിൽവേ ജീവനക്കാരിൽ നിന്നോ സഹായം തേടാമെന്നും റെയിൽവേ അറിയിച്ചു. വരാനിരിക്കുന്ന അവധി ദിനങ്ങള്‍ കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാൻ പടിഞ്ഞാറൻ, സെൻട്രൽ സോണുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപനയ്ക്ക് റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.